‘മാവോയിസ്റ്റ് ബന്ധമാരോപിച്ച് കേരള പോലീസ് വേട്ടയാടുന്നു’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യുവാവ്

എറണാകുളം; മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, അഡ്വക്കേറ്റുകൾ, ആക്ടിവിസ്റ്റുകൾ എന്നിങ്ങനെ നിരവധി പേരെ യുഎപിഎ മുതലായ രാജ്യദ്രോഹ നിയമമുപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. ഇപ്പോഴിതാ അതിനു സമാനമായ രീതിയിൽ കേരള പോലീസ് തന്നെ വേട്ടയാടുന്നുവെന്ന പരാതിയുമായി മനുഷ്യാവകാശ പ്രവർത്തകൻ രംഗത്ത് വന്നിരിക്കുകയാണ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ഹരിയാണ് കേരള പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

മുളവുകാട് താമസിക്കുന്ന ഹരിക്കും ഭാര്യ സഫീറയ്ക്കും കേരള പോലീസ് വിഭാഗമായ സ്പെഷ്യൽ ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് വിവിധങ്ങളായ ഭീഷണികൾ നേരിട്ട് കൊണ്ടിരിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ഇരുവരും താമസിച്ചു വരുന്ന വാടക വീട്ടുടമയെ മുളവുകാട് എസ് ഐ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ട്. അതുമൂലം വാടക വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വന്നിരിക്കുകയാണിപ്പോൾ. അതുപോലെ സഫീറ ജോലി ചെയ്യുന്ന സ്റ്റുഡിയോ ഉടമയ്ക്കും സമാനമായ അനുഭവമാണ് എസ് ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സഫീറയുടെ ജോലിയും നഷ്ടമായത്. ഏക വരുമാന മാർഗവും കിടപ്പാടവും നഷ്ടമായതോടെ ഹരിയുടെയും സഫീറയുടെയും ജീവിതം വഴിമുട്ടി നിൽക്കുകയാണ്. അതിനാൽ തന്നെ തങ്ങളെ വേട്ടയാടുന്ന കേരള പോലീസിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഹരി പരാതിയിൽ ആവശ്യപ്പെടുന്നു.

താനൊരു മനുഷ്യാവകാശ പ്രവർത്തകനാണ്. യു എ പി എ എന്ന ജനവിരുദ്ധ നിയമത്തിനെത്തിരെയുള്ള ക്യാമ്പയ്‌നിൽ സജീവവുമാണ്. കേരളത്തിലെ മാവോയിസ്റ്റ് വിചാരണ തടവുകാരെ ജയിലിൽ പോയി കാണാറുമുണ്ട്. അതിനാൽ തന്നെ തനിക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് ഹരി പറഞ്ഞു. മാവോയിസ്റ്റ് തടവുകാർ ജയിലിൽ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്നതു മൂലമാണ് ഇത്തരം വേട്ടയാടലുകൾ നേരിടേണ്ടി വരുന്നതെന്നും പരാതിയിൽ യുവാവ് വ്യക്തമാക്കുന്നുണ്ട്..

‘മനുഷ്യാവകാശ പ്രവർത്തകരെ,മാധ്യമ പ്രവർത്തകരെ,അഡ്വക്കേറ്റ്മാരെ,രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരെ,കവികളെ,അധ്യാപകരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ജയിലിൽ വർഷങ്ങളോളം വിചാരണ തടവിന് തള്ളുകയാണ് കേന്ദ്ര സർക്കാരും കേന്ദ്ര അന്വേഷണ ഏജൻസികളും. അതെ മാർഗത്തിലേക്കാണ് കേരള സർക്കാരും പോലീസും നീങ്ങുന്നത്’ എന്നും പരാതിയൽ പറയുന്നുണ്ട്.

 

പരാതിയുടെ പൂർണരൂപം

TO,
Kerala State Human Rights Commission
Turbo Plus Tower, PMG Jn., Vikas Bhavan, P O,
THIRUVANANTHAPURAM-695 033

സർ,

എന്റെ പേര് ഹരി എസ്.സ്വദേശം തിരുവനന്തപുരമാണ്.ഇപ്പോൾ എറണാകുളം മുളവുകാട്, പൊന്നാരിമംഗലത്തിനടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നു.എന്റെ ഭാര്യ സഫീറയുമായാണ് താമസം.സഫീറ പുന്നപ്ര സ്വദേശിയാണ്.ഞങ്ങൾ സ്പെഷ്യൽ മാരീജ് ആക്ട് പ്രകാരം വിവാഹം രെജിസ്റ്റർ ചെയ്യുകയായിരുന്നു.ഞാൻ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന മനുഷ്യാവകാശ സംഘടനയുടെമുഴുവൻ സമയ പ്രവർത്തകനാണ്.സഫീറ ഞങ്ങൾ താമസിക്കുന്ന വാടക വീടിന് സമീപമുള്ള ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തത് പോന്നിരുന്നു.ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ വാടക വീടും ഏക വരുമാന മാർഗമായിരുന്ന സ്റ്റുഡിയോയിലെ ജോലിയും നഷ്ട്ടപെടുത്തിരിക്കുകയാണ് കേരള പോലീസ്.

കേരള പോലീസ് വിഭഗമായ സ്പെഷ്യൽ ബ്രാഞ്ചും മുളവുകാട് പോലീസ് സ്റ്റേഷനിലെ എസ് ഐയും ഞങ്ങളുടെ വീടുടമയേയും സഫീറ ജോലി ചെയ്തിരുന്ന സ്റ്റുഡിയോ ഉടമയേയും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണി പെടുത്തിയത് മൂലമാണ് ഞങ്ങൾക്ക് വാടക വീടും ജീവിത മാർഗവും നഷ്ട്ടമായത് .വീടുടമയെ നിരന്തരം പോലീസ് ഫോൺ വിളിക്കുന്നുണ്ട്. എനിയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ചാണ് കേരള പോലീസിന്റെ പീഡനം.

ഞാൻ മനുഷ്യാവകാശ പ്രവർത്തകനാണ്.യു എ പി എ എന്ന ജനവിരുദ്ധ നിയമത്തിനെത്തിരെയുള്ള ക്യാമ്പയ്‌നിൽ സജീവവുമാണ്.കേരളത്തിലെ മാവോയിസ്റ്റ് വിചാരണ തടവുകാരെ ജയിലിൽ പോയി കാണാറുണ്ട്.അവർ ജയിലിൽ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മാധ്യമങ്ങളിലൂടെയും പ്രതിഷേധങ്ങങ്ങളിലൂടെയും പുറം ലോകത്തേയ്ക്ക് വിവരം അറിയിയ്ക്കുകയും ചെയ്യുന്ന മനുഷ്യാവകാശ സംഘടനയാണ് ഞാൻ പ്രവർത്തിയ്ക്കുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം.

ഇതിന് മുൻപും ഞാൻ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കീട്ടുണ്ട്.തിരുവന്തപുരത്തുള്ള എന്റെ സ്വന്തംവീട്ടിലേയ്ക്കുള്ള ഇടവഴി നോക്കി കേരളാപോലീസ് ക്യാമറ സ്ഥാപിച്ചിരുന്നു.അന്നും കേരള പോലീസ് എനിയ്‌ക്കെതിരെ ഉന്നയിച്ചത് മാവോയിസ്റ്റ് ബന്ധം ഉണ്ട് എന്നാണ്. മനുഷ്യാവകാശ പ്രവർത്തകരെ,മാധ്യമ പ്രവർത്തകരെ,അഡ്വക്കേറ്റ്മാരെ,രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരെ,കവികളെ,അധ്യാപകരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ജയിലിൽ വർഷങ്ങളോളം വിചാരണ തടവിന് താള്ളുകയാണ് കേന്ദ്ര സർക്കാരും കേന്ദ്ര അന്വേഷണ ഏജൻസികളും.അതെ മാർഗത്തിലേക്കാണ് കേരള സർക്കാരും പോലീസും നീങ്ങുന്നത്.ഇത്തരം നടപടി കേരളത്തിന് തന്നെ ലജ്ജാവഹമാണ്.

അനീതിയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന മനുഷ്യാവകാശ പ്രവർത്തകരെ ഇങ്ങനെ നിരന്തരം വേട്ടയാടുന്നതിനെതിരായും ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഇല്ലാതാക്കിയ കേരള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപെടുന്നു.

Top