തിരഞ്ഞെടുപ്പ് കാലത്ത് മടിപിടിച്ച് കേരള പൊലീസ്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താന്‍ പൊലീസുകാര്‍ക്ക് മടി. ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ അനധികൃത അവധിയെടുക്കുന്നവരുടെയെണ്ണം വര്‍ധിച്ചതായി കണക്കുകൾ. ദീര്‍ഘ അവധികള്‍ പരിശോധിച്ച് അനധികൃത അവധിയെടുത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിയുടെ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള പൊലീസിന്റെ എഴുപത് ശതമാനവും തെരഞ്ഞെടുപ്പിനായി വിനിയോഗിക്കേണ്ടി വരും. അതിനായി ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള തയാറെടുപ്പുകളാണ് പൊലീസ്.

പക്ഷെ ഡ്യൂട്ടിക്ക് വിളിക്കുമ്പോള്‍ പലരും ഒളിച്ചുകളിക്കുന്നൂവെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പരാതി. ഇതുമൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യത്തിന് പൊലീസുകാരെ കിട്ടാതെ വന്നതോടെയാണ് ഡി.ജി.പി വടിയെടുക്കാന്‍ തീരുമാനിച്ചത്. അവധിയിലുള്ള മുഴുവന്‍ പേരും അവധിയെടുക്കാനിടയായ ആവശ്യം സ്പെഷ്യല്‍ ബ്രാഞ്ചിന് ഉപയോഗിച്ച് പരിശോധിക്കാനാണ് നിര്‍ദേശം. കള്ളത്തരം പറഞ്ഞ് അവധിയെടുത്തവരുണ്ടെങ്കില്‍ കണ്ടെത്തി ഇന്ന് രാത്രിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം ജില്ലാ പൊലീസ് മേധാവിമാരെ അറിയിച്ചിട്ടുണ്ട്.

Top