കഞ്ചാവ് ‘തലൈവരെ’ പിടികൂടി കേരള പോലീസിന്റെ മാസ് ഓപ്പറേഷന്‍. . .

തിരുവനന്തപുരം: കേരള പൊലീസിന്റെ ചരിത്രത്തില്‍ ഏറ്റവും ദുഷ്‌ക്കരമായ ഓപ്പറേഷനുകളിലൊന്നിനാണ് കഴിഞ്ഞയാഴ്ച കമ്പത്ത് നടന്നത്. തെക്കേ ഇന്ത്യയിലെ കഞ്ചാവ് സംഘങ്ങളുടെ രാജാവായ തലൈവര്‍ രാസാങ്കത്തെ സിനിമയെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളോടെയാണ് കേരള പോലീസ് പിടികൂടിയത്. വലിയ മുന്നൊരുക്കങ്ങളോടെ കൃത്യമായ പ്ലാനോട് കൂടിയിരുന്നു കേരള പോലീസന്റെ മാസ് ഓപ്പറേഷന്‍.

കോട്ടയം നഗരത്തിലെ കഞ്ചാവിന്റെ ഉറവിടെ തേടിയുള്ള യാത്രയാണ് പോലീസിനെ കമ്പത്ത് എത്തിച്ചത്. കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയും ലഹരി ഉപയോഗിക്കുന്ന യുവാക്കളെയും ചോദ്യം ചെയ്തതില്‍നിന്നാണ് സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. പുലര്‍ച്ചെ നാലുമണിക്ക് കമ്പത്തെ ബസ് സ്റ്റാന്‍ഡില്‍ ആരംഭിക്കുന്ന കഞ്ചാവ് വില്‍പ്പന ലക്ഷ്യം വച്ച് നിരവധി യുവാക്കളാണ് കോട്ടയത്ത് നിന്നും ഇവിടേയ്‌ക്കെത്തിയിരുന്നത്.

മലയാളികള്‍ ബസ്റ്റാന്റിലെത്തുമ്പോഴേയ്ക്ക് ഏജന്റുമാര്‍ പിന്നാലെ കൂടി ചരക്ക് വേണോ എന്ന് ആവശ്യപ്പെടും. തുടര്‍ന്ന് ആവശ്യാനുസരണ കഞ്ചാവ് ഉള്ളം കൈയില്‍ എത്തും. ഇതാണ് ഇവിടുത്തെ രീതി. വില്‍പ്പനക്കാരെ പിന്തുടര്‍ന്ന് നടന്ന അന്വേഷണം എത്തിച്ചേര്‍ന്നത് രാസാങ്കത്തിലാണ്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നൂറു കണക്കിനു ഏക്കര്‍ കഞ്ചാവ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് തെക്കേ ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തുന്ന മാഫിയ സംഘത്തിന്റെ തലവനാണ് ഈ 45 വയസ്സുകാരന്‍.

ഡോണ്‍ സിനികളിലെപ്പോലെ ഇയാള്‍ നേരിട്ട് വില്‍പ്പന നടത്താറില്ല, വളരെ വിശ്വസ്തരോട് മാത്രമേ ഇടപാടുള്ളൂ. ഇയാളുടെ രീതികളും വളരെ ആസൂത്രിതമാണ്. ആന്ധ്രയില്‍നിന്നും ഒഡീഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗം മധുരയില്‍ എത്തിക്കുന്ന കഞ്ചാവ് പാഴ്‌സല്‍ ലോറികളില്‍ കമ്പത്തെത്തിക്കുന്നു. ഇവിടെ നോര്‍ത്ത് പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കോളനികളിലെ വീടുകളില്‍ ഭൂമിക്കടിയില്‍ അറകള്‍ ഉണ്ടാക്കി ഇവ സൂക്ഷിക്കും. കാവലിന് നായ്ക്കളും ഗുണ്ടാ സംഘങ്ങളും ഒപ്പം പോലീസുകാരുടെ ഒത്താശയും.

എന്നാല്‍, വലിയ ജനപിന്തുണയാണ് എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു ഘടകം. അകമ്പടിക്ക് ഗുണ്ടാ സംഘമില്ലാത്ത സമയം നോക്കി കേരള പോലീസ് രാസാങ്കത്തെ പിടികൂടി. എന്നാല്‍ പോലീസ് വാഹനത്തിലേയ്ക്ക് അയാളെ കയറ്റുന്നതിനിടെ നാട്ടുകാര്‍ കൂടി പൊലീസിനെ ആക്രമിക്കുകയാണുണ്ടായത്. പൊലീസ് ജീപ്പും തല്ലിത്തകര്‍ത്തു. ഒരു പൊലീസുകാരന്റെ തല പൊട്ടി 26 തുന്നികെട്ടുകള്‍ ഇട്ടു. പൊലീസുകാരുടെ പഴ്‌സും പണവും മൊബൈലുമെല്ലാം അക്രമിസംഘം പിടിച്ചെടുത്തു. ഒടുവില്‍ തമിഴ്‌നാട് പൊലീസെത്തിയാണ് അക്രമികളെ തുരത്തിയത്.

ഈ വീഴ്ചയില്‍നിന്ന് പാഠം പഠിച്ച് മാര്‍ച്ച് അവസാനത്തോടെ തയ്യാറെടുപ്പുകളോടെ രണ്ടാമത്തെ പൊലീസ് സംഘം കമ്പത്തേക്ക് പോയി. ഒരു കേസില്‍ റിമാന്‍ഡിലായി ജയിലിലായിരുന്ന രാസാങ്കത്തിനു ജാമ്യം ലഭിച്ചതായി അറിഞ്ഞതോടെ അഞ്ചംഗ പൊലീസ് സംഘം വേഷംമാറി കമ്പത്ത് ഒരു ലോഡ്‌ജെടുത്തു നിരീക്ഷണം ആരംഭിച്ചു.

KERALA-POLICE

കോളനിയില്‍ കയറി രാസാങ്കത്തെ പിടിക്കുന്നത് പ്രായോഗികമല്ല. അതിനാല്‍, അയാള്‍ കോളനിയില്‍നിന്ന് പുറത്തുവരാനായി പൊലീസ് സംഘം കാത്തിരുന്നു. മൂന്നാം ദിവസമാണ് സഹായികളില്ലാതെ രാസാങ്കം പുറത്തേക്ക് വരുന്നത്. അഞ്ചംഗ പോലീസ് സംഘം രാസാങ്കത്തെ വളഞ്ഞു പിടിച്ച് ജീപ്പിനുള്ളിലാക്കി കേരളത്തിലേക്ക് തിരിച്ചു. രാസാങ്കത്തിന്റെ സംഘം പുറകേ എത്തിയെങ്കിലും കേരള പൊലിസ് അതിര്‍ത്തി കടന്നിരുന്നു.

കോട്ടയം എസ്പി ഹരിശങ്കറിന്റെയും ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിലെ അഞ്ചുപേരാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ തോല്‍പ്പിക്കുന്ന രീതിയില്‍ കമ്പത്ത് ‘ഓപ്പറേഷന്‍’ നടത്തി മടങ്ങിയത്.

കഞ്ചാവ് തോട്ടങ്ങളില്‍നിന്ന് കിലോയ്ക്ക് 500 രൂപയ്ക്ക് കിട്ടുന്ന കഞ്ചാവ് 6,000 രൂപയ്ക്കാണ് രാസാങ്കം ഇടനിലക്കാര്‍ക്ക് വിറ്റിരുന്നത്. കമ്പം, വടക്കുപെട്ടി തമ്പീസ് തിയറ്ററിനു സമീപം താമസിക്കുന്ന ഇയാള്‍ വലിയൊരു ഇരുനില വീട് വച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇതേ സംഘത്തില്‍ ഉള്‍പ്പെട്ട ശിങ്കരാജിനെ കോട്ടയത്തുനിന്ന് പിടികൂടിയിരുന്നു. രണ്ടുപേരും അറസ്റ്റിലായതോടെ കമ്പത്തെ കഞ്ചാവ് വില്‍പ്പന തല്‍ക്കാലത്തേക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

Top