ലൂസിഫർ വിജയിപ്പിക്കാൻ പൊലീസോ ? പരാതി കൊടുത്തത് പബ്ലിസിറ്റിക്കെന്ന് . . .

പൊലീസ് അസോസിയേഷന് പി.ആര്‍ ഏജന്‍സിയുടെ പണിയാണോ ഉള്ളത് ? ലൂസിഫര്‍ എന്ന സിനിമയുടെ പരസ്യത്തിനെതിരെ പരാതി നല്‍കിയ നടപടി ഏറെ സംശയങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. ആ സിനിമയുടെ പബ്ലിസിറ്റിക്ക് മാത്രമേ ഇത്തരം പരാതികള്‍ വഴി വയ്ക്കൂ എന്ന് വിലയിരുത്തുമ്പോഴാണ് പൊലീസ് സംഘടനാ നേതാക്കളുടെ വാണിജ്യ താല്‍പ്പര്യത്തില്‍ സംശയം തോന്നുന്നത്.

യൂണിഫോം അണിഞ്ഞ പൊലീസുകാരന്റെ നെഞ്ചില്‍ നായകന്‍ ചവിട്ടുന്ന രംഗമാണ് പൊലീസ് അസോസിയേഷന്‍ നേതാവിനെ പൊള്ളിച്ചിരിക്കുന്നത്. അതാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുന്നതില്‍ കൊണ്ടു ചെന്നെത്തിച്ചത്.സിനിമയില്‍ ചവിട്ട് കൊണ്ട കഥാപാത്രം ഒരു ഐ.പി.എസ് ഓഫീസറായിട്ടും ഐ.പി.എസുകാര്‍ക്കില്ലാത്ത വികാരമാണ് പൊലീസുകാരനായ സംഘടനാ നേതാവിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സിനിമയെ സിനിമയായി കാണാന്‍ ആദ്യം പൊലീസ് അസോസിയേഷന്‍ നേതാവ് തയ്യാറാവണം. ഒരൊറ്റ രംഗത്ത് മാത്രമുള്ള ദൃശ്യമാണ് നിങ്ങള്‍ ഇപ്പോള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പൊലീസ് കഥാപാത്രങ്ങള്‍ അടിവാങ്ങുന്ന എത്രയോ സിനിമകള്‍ മലയാളത്തില്‍ തന്നെ ഇറങ്ങിയിട്ടുണ്ട്.

അന്നൊന്നും ആര്‍ക്കും തോന്നാത്ത വികാരം ഇപ്പോള്‍ തോന്നാനുള്ള കാരണം എന്താണ് ? ഇതിന് പൊലീസ് അസോസിയേഷന്‍ നേതാവ് മറുപടി പറയണം. കാക്കിയുടെ നെഞ്ചില്‍ ചവിട്ടുമ്പോള്‍ മാത്രമല്ല കാക്കിയുടെ ഹീറോയിസത്തിനും കയ്യടിച്ച ജനതയാണ് കേരളത്തിലുള്ളത് എന്നത് ഓര്‍ക്കുന്നത് നല്ലതാണ്.

ഒരു സിനിമ തയ്യാറാക്കുമ്പോള്‍ അതിലെ തിരക്കഥക്ക് അനുസരിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിക്കുക. അത് സിനിമാ പ്രവര്‍ത്തകരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. പൊലീസ് കഥാപാത്രം നായകനാകണോ വില്ലനാകണോ, അടിക്കണോ, അടി വാങ്ങണമോ എന്നൊക്കെ തീരുമാനിക്കുന്നതും തിരക്കഥാകൃത്തും സംവിധായകനുമാണ്.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ഒരു സിനിമയില്‍ ഉള്ള ഏത് രംഗവും പരസ്യത്തില്‍ ഉപയോഗിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. അവിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. സിനിമകളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനമോടിക്കുമ്പോഴും നല്‍കുന്ന മോഡലില്‍ ഒരു മുന്നറിയിപ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ അടി വാങ്ങുമ്പോള്‍ എഴുതി കാണിക്കണമെന്ന വാദം എന്തടിസ്ഥാനത്തിലാണ് ഉയര്‍ത്തുന്നത് ?

ഇങ്ങനെയാണെങ്കില്‍ ‘എഴുത്ത് സിനിമയായി’ അത് മാറും. പൊലീസിന് മാത്രമല്ല, സിനിമയില്‍ ആക്രമിക്കപ്പെടുന്ന മറ്റു എല്ലാ വിഭാഗങ്ങള്‍ക്കും ഈ വാദം ഉയര്‍ത്താന്‍ അവകാശമുണ്ട് എന്ന കാര്യവും മറക്കരുത്. ആദ്യമായി പൊലീസ് സിനിമയില്‍ അടി വാങ്ങിയത് പോലെയാണ് ഈ പരാതി കണ്ടാല്‍ തോന്നുക. പുറത്തിറങ്ങുന്ന എത്ര സിനിമ ഏത് ഭാഷയില്‍ പരിശോധിച്ചാലും പൊലീസിന് മിക്കതിലും വില്ലന്‍ പരിവേഷമാണ് കാണുക.പൊലിസില്‍ വില്ലത്തരം കൂടുതല്‍ ഉള്ളതുകൊണ്ട് അടിവാങ്ങുകയും ജനങ്ങള്‍ അത് സ്വീകരിക്കുകയും ചെയ്യും. അതേസമയം തന്നെ ഐ.പി.എസ് നായക കഥാപാത്രങ്ങളെ സൃഷ്ടിച്ച് എടുത്ത നിരവധി സിനിമകള്‍ ഇവിടെ സൂപ്പര്‍ ഹിറ്റായി ഓടിയതും നാം മറന്ന് പോകരുത്.

സിനിമയും നാടകവും സീരിയലും എല്ലാം സാങ്കല്‍പ്പിക കഥകള്‍ പറയുന്നവയാണ്. രണ്ടര മണിക്കൂര്‍ ബോറടിക്കാതെ ഒരു സിനിമ കാണാന്‍ എത്തുന്നവര്‍ അതെല്ലാം ജീവിതത്തില്‍ പകര്‍ത്താമെന്ന ഉദ്യേശത്തോടെ അല്ല എത്തുന്നത്. സിനിമകള്‍ നല്‍കുന്ന നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അല്ലാത്തവ തിരസ്‌ക്കരിക്കാനും ഉള്ള ബോധം മലയാളിയുടെ ചിന്താശക്തിക്കുണ്ട്. അതിന് ഏതെങ്കിലും ഒരു പൊലീസ് സംഘടനാ നേതാവിന്റെ ഇടപെടല്‍ ആവശ്യമില്ല.

പൊലീസിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാക്കണമെന്ന് പറയുന്നതിലും ഭേദം സംഘടനാ നേതാവ് സ്വന്തം സേനയിലെ കളങ്കിതകാക്കികളെ ഉപദേശിക്കുകയാണ് നല്ലത്.

Top