കേരള പൊലീസിന്റെ മനോവീര്യം തകർത്തവരാണ്, ഡോക്ടർ വന്ദനയുടെ മരണത്തിന് ഉത്തരവാദികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ നടുക്കിയ സംഭവമാണ്. മാധ്യമങ്ങൾ ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നതും അതേ പ്രാധാന്യത്തോടെ തന്നെയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ ഇല്ലയോ എന്നു ‘തലനാരിഴകീറി’ പരിശോധിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങൾകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഡോക്ടറെ കുത്തിക്കൊന്ന സന്ദീപ് എന്ന വ്യക്തി ഒരു കൊടും ക്രിമിനലൊന്നുമായിരുന്നില്ല ഒരു യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. തന്നെ ആക്രമിക്കുന്നുവെന്ന വിവരം ഇയാൾ തന്നെ അർദ്ധരാത്രി ഫോണിൽ വിളിച്ചറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ നിലയിൽ ഇയാളെ കണ്ടപ്പോൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയാണ് ഉണ്ടായത്.

“അപ്പോൾ ഇയാൾ പ്രതിയായിരുന്നില്ല . . .വാദി ആയിരുന്നു” എന്ന പൊലീസ് വാദവും അംഗീകരിക്കാം. എന്നാൽ, വൈദ്യ പരിശോധന നടക്കുമ്പോൾ പൊലീസ് മാറിനിന്നത് എന്തിനാണ് എന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുപടി പറയുക തന്നെ വേണം. പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോഴാണ് പൊലീസ് അടുത്ത് നിൽക്കരുതെന്ന സർക്കാർ ഉത്തരവ് ബാധകമാകുക. പ്രതിയായല്ല അദ്ധ്യാപകനെ ആശുപത്രിയിൽ എത്തിച്ചതെന്നു പൊലീസ് ഉന്നതർ തന്നെ പറഞ്ഞ സ്ഥിതിക്ക് പഴയ ഉത്തരവിനു ഇവിടെ ഒരു പ്രസക്തിയുമില്ല. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ട്. അത് എന്തായാലും പറയാതെ വയ്യ.

പൊലീസുകാർ അദ്ധ്യാപകനൊപ്പം ഉണ്ടായിരുന്നു എങ്കിൽ അയാൾക്ക് ഒരിക്കലും അവിടെ ഉണ്ടായിരുന്ന കതൃക എടുക്കാൻ കഴിയുമായിരുന്നില്ല. അതുപോലെ തന്നെ സംശയകരമായ അവസ്ഥയിൽ കാണപ്പെട്ട ഒരു വ്യക്തിയെ ഡോക്ടറുടെ മുന്നിൽ പരിശോധനക്ക് എത്തിക്കുമ്പോൾ കാണിക്കേണ്ട ജാഗ്രതയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇനി പൊലീസിനെ വൈദ്യ പരിശോധന നടത്തുന്ന ഭാഗത്തു വരുന്നതിൽ ആശുപത്രി അധികൃതർ തടഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം വിശദീകരിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും പൊലീസ് തന്നെയാണ്. എന്നാൽ, അങ്ങനെ സംഭവിച്ചതായ ഒരുപരാതി ഈ നിമിഷംവരെ പൊലീസിനു പോലും ഇല്ലന്നതും ഒരു യാഥാർത്ഥ്യമാണ്.

ഇതിനെല്ലാം അപ്പുറം ജനങ്ങളെ ഇപ്പോൾ ഭയപ്പടുത്തുന്നത് പൊലീസിന്റെ പ്രാപ്തിയില്ലായ്മയാണ്. ആശുപത്രി ഗാർഡായ മണിലാൽ ഹോം ഗാർഡ് ആയ അലക്സ് കുട്ടി ഡോക്ടർ വന്ദന എന്നിവർക്കു കുത്തൽക്കുമ്പോൾ പൊലീസിനു തടയാൻ കഴിയാതിരുന്നത് ഞെട്ടിക്കുന്നതാണ്. ഏഴു കുത്തുകൾ ഏറ്റാണ് ഡോക്ടർ മരിച്ചതെന്നതും നാം ഓർക്കണം. പ്രതിയെ പിടിച്ചു മാറ്റാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഈ പൊലീസുകാരുടെ കാര്യപ്രാപ്തിയും ശാരീരിക ക്ഷമതയുമാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അക്രമം നടത്തിയത് ഒരൊറ്റ ആളാണ്. അയാൾക്കാകട്ടെ ക്രിമിനൽ പശ്ചാത്തലം ഇല്ലതാനും എന്നിട്ടും കീഴ്പ്പെടുത്താൻ കായിക പരിശീലനം ലഭിച്ച പൊലീസുകാർക്ക് പറ്റിയില്ലങ്കിൽ ആ സേനയെ തന്നെ പിരിച്ചു വിടുകയാണ് നല്ലത്.

ഇതാണ് നമ്മുടെ പൊലീസിന്റെ അവസ്ഥയെങ്കിൽ എന്തു ധൈര്യത്തിലാണ് ജനങ്ങൾ ഈ നാട്ടിൽ ജീവിക്കേണ്ടത് എന്നതിന് സർക്കാറും മറുപടി പറയേണ്ടതുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമായി ചുരുക്കി കാണാൻ ഒരിക്കലും സാധിക്കുകയില്ല. സംസ്ഥാന പൊലീസിന്റെ മനോവീര്യം ദിനംപ്രതി തകർന്നു കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതിന്റെയെല്ലാം പരിണിത ഫലമാണ് ആക്രമങ്ങൾ പ്രതിരോധിക്കാൻ കഴിയാതിരിക്കുന്നത്. ക്രിമിനലുകളെ കൈകാര്യം ചെയ്താൽ കൈകാര്യം ചെയ്യുന്ന പൊലീസുകാർ നടപടി നേരിടുന്ന കാലമാണിത്. കഴിവുകെട്ട ഉദ്യോഗസ്ഥർക്കു കീഴിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ അവസ്ഥയും മറ്റൊന്നല്ല. അഴിമതിക്കാരും രാഷ്ട്രീയ നേതൃത്വങ്ങളുടെ കുഴലൂത്തുകാരുമായ ഉദ്യോഗസ്ഥരുടെ കീഴിൽ ജോലി ചെയ്യാൻ ചങ്കുറപ്പുള്ള ഒരു പൊലീസുദ്യോഗസ്ഥനും തയ്യാറല്ല. അത്തരക്കാരെല്ലാം സ്പെഷ്യൽ യൂണിറ്റുകളിൽ ചേക്കേറാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ഒരുതരം മരവിപ്പാണുള്ളത്. ഈ യാഥാർത്ഥ്യം മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചറിയേണ്ടതുണ്ട്. “ജനങ്ങളെ സേവിക്കുക അവർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവസരമുണ്ടാക്കുക” എന്നതിൽ നിന്നും മാറി മാസാമാസം ശബളം കൃത്യമായി വാങ്ങി ആരെയും പിണക്കാതെ മുന്നോട്ട് പോകുക എന്ന മാനസികാവസ്ഥയിലേക്കാണ് പൊലീസിലെ നല്ലൊരു വിഭാഗവും മാറി കൊണ്ടിരിക്കുന്നത്. ഈ പോക്കു പോയാൽ സത്യസന്ധവും ശക്തവുമായ പൊലീസിങ്ങ് കേരളത്തിനും സ്വപ്നം മാത്രമായി മാറും. ഉദ്യോഗസ്ഥ നിയമനങ്ങളിൽ കഴിവുള്ളവർ നിരന്തരം അവഗണിക്കപ്പെടുന്നതും അനിവാര്യമായ ഘട്ടത്തിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ കീഴുദ്യോഗസ്ഥർക്ക് ലഭിക്കാത്തതും പൊലീസ് സേനയുടെ മനോവീര്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം പലരും റിസ്ക്ക് എടുക്കാത്ത അവസ്ഥയാണുള്ളത്.

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി അക്രമികളെ അടിക്കേണ്ടി വന്നാൽ ഒടുവിൽ അത് തന്റെ ജോലിയെ തന്നെ ബാധിക്കുമോ എന്ന ഭയം ഇന്നു പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തമാണ്. പൊലീസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിൽ നിന്നും എടുത്ത് മാറ്റി സി.ഐമാർക്ക് നൽകിയതിലൂടെ പൊലീസിങ്ങിന്റെ പരാജയവും ഏതാണ്ട് പൂർണ്ണമായി കഴിഞ്ഞിട്ടുണ്ട്. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്. ഒറ്റപ്പെട്ട ലോക്കപ്പ് മർദ്ദനങ്ങളെ പെരുപ്പിച്ച് കാണിച്ച് പൊലീസിനെ കടന്നാക്രമിക്കുന്ന മാധ്യമങ്ങൾക്കും ഇപ്പോഴത്തെ പൊലീസിന്റെ നിഷ്ക്രിയത്തിൽ വലിയ പങ്കാണുള്ളത്. പൊലീസിന്റെ കൈകൾക്ക് വിലങ്ങിടുന്ന ഇത്തരം അവസ്ഥകൾ മാറിയില്ലങ്കിൽ ഇനിയും പലതും ഈ നാട് അനുഭവിക്കേണ്ടതായി വരും.

അടിക്കാത്ത പൊലീസിൽ ഭയം നഷ്ടപ്പെട്ടതിനാൽ പൊലീസിനെ ആക്രമിക്കാൻ വരെ ക്രിമിനലുകൾ തയ്യാറാകുന്നുണ്ട്. ഇത്തരം നിരവധി സംഭവങ്ങളാണ് സമീപകാലത്ത് കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പൊലീസുകാർ അടി മേടിച്ചു കൂട്ടിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഗൂഗിളിൽ ഒന്നു പരതിയാൽ ഏതൊരാൾക്കും ലഭ്യവുമാണ്. പൊലീസ് സ്റ്റേഷനിൽ കയറിവരെ പൊലീസിനെ തല്ലാമെന്ന അവസ്ഥയിലേക്ക് ക്രിമിനൽ സ്വഭാവമുള്ളവർ മാറിയെങ്കിൽ അതിന്റെ കാരണക്കാർ ഉന്നത ഉദ്യോഗസ്ഥരും ഭരണകൂടവുമാണ്. മാധ്യമ വിചാരണയെ ഭയന്ന് ഏകപക്ഷീയമായി നടപടി സ്വീകരിച്ചാൽ അത് ഏത് സേനയെയും നിഷ്ക്രിയമാക്കും. ഇവിടെ സംഭവിക്കുന്നതും അതു തന്നെയാണ്.

കാക്കിയിൽ കരുതൽ മാത്രമല്ല ഭയവും ദൃശ്യ മായാൽ മാത്രമേ നാട്ടിൽ സമാധാനം പുലരുകയൊള്ളൂ. അതല്ലങ്കിൽ കൊട്ടാരക്കരിയിൽ ഉണ്ടായതു പോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും. പൊലീസ് കൊണ്ടുവന്ന അദ്ധ്യാപകനാണ് ആശുപത്രിയിൽ വ്യാപക ആക്രമണം നടത്തി ഡോക്ടറെ കൊന്നിരിക്കുന്നത്. പൊലീസിൽ ഭയമുണ്ടായിരുന്നു എങ്കിൽ അയാൾ ഒരിക്കലും അതിനു മുതിരില്ലായിരുന്നു. അഥവാ മുതിർന്നാൽ തന്നെ പഴയ പൊലീസായിരുന്നു എങ്കിൽ ഒറ്റയടിക്ക് ആക്രമിച്ചവൻ താഴെ കിടക്കുമായിരുന്നു. പൊലീസിന്റെ ശാരീരകവും മാനസികവുമായ കരുത്താണ് കേരളത്തിന്റെ ആരോഗ്യമെന്നത് ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ അത്രയും നന്ന് . . .

EXPRESS KERALA VIEW

Top