രാമനാട്ടുകര അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കോഴിക്കോട്: രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മൂന്ന് കാറുകളിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കൊടുവള്ളിയില്‍ നിന്നുള്ള സംഘമെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സ്വര്‍ണക്കവര്‍ച്ച സംഘത്തിലെ രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ സംഘത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം വാങ്ങാനാണ് ഇവര്‍ എത്തിയത്. 15 അംഗ സംഘത്തിലെ എട്ടുപേരെ ഇന്നലെ പിടികൂടിയിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പതിനഞ്ചംഗ സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊയ്തീന്‍ എന്നായാളാണ് ദുബായില്‍ നിന്നും കൊടുവള്ളിയിലെ സംഘത്തിന് വേണ്ടി സ്വര്‍ണം എത്തുന്ന വിവരം കവര്‍ച്ചാ സംഘത്തിന് നല്‍കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും ആംഭിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവരും, ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും തമ്മില്‍ ചേസിംഗ് ഉണ്ടായെന്നും, ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് നിഗമനം.

Top