സി.പി.ഐ നേതാക്കൾ വൻ കുരുക്കിൽ, പൊലീസ് കടുപ്പിച്ചാൽ ഇനിയും അകത്ത്

മ്മുടെ പൊലീസ് അങ്ങനെയാണ് കളിച്ചാല്‍ അവര്‍ കളി പഠിപ്പിക്കും. അത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും പൂട്ടാന്‍ അറിയുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടുക പ്രയാസമാണ്. എസ്.ഐ വിപിന്‍ദാസിനെ സസ്പെന്റ് ചെയ്തതിലുള്ള രോഷം കൊച്ചി സിറ്റി പൊലീസ് തീര്‍ത്തത് കടുത്ത നടപടിയിലൂടെയാണ്.

അസി: കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച കേസിലാണ് എം.എല്‍.എ എല്‍ദോ എബ്രഹാമും സി.പി.ഐ ജില്ലാ സെക്രട്ടറിയുമെല്ലാം കുടുങ്ങിയിരിക്കുന്നത്. ഈ സംഭവത്തില്‍ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് എസ്.ഐ സസ്പെന്‍ഷനിലായ ഉടനെയാണ്. ഏത് നിമിഷവും ഇനി കൊച്ചി പൊലീസ് വിചാരിച്ചാല്‍ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവും, എല്‍ദോ എം.എല്‍.എയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ കഴിയും. പൊലീസ് പിടിയിലായാല്‍ ഇവര്‍ക്ക് ജാമ്യം കിട്ടാനുള്ള സാധ്യതയും കുറവാണ്. പൊലീസിനെ ആക്രമിച്ചത് ഗൗരവമായ വകുപ്പായതിനാല്‍ ശരിക്കും പെട്ടിരിക്കുകയാണിപ്പോള്‍ സി.പി.ഐ.

ഞാറക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് നടത്തിയവര്‍ക്ക് ആ സി.ഐയെ ഒന്ന് തൊടാന്‍ പോലും ഇതുവരെ പറ്റിയിട്ടില്ല. സി.പി.എം അനുകൂല പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ ഭാരവാഹി കൂടിയാണ് ഞാറക്കല്‍ സി.ഐ. അതായത് സി.പി.എം നേതൃത്വത്തിന് വേണ്ടപ്പെട്ടവനെന്ന് വ്യക്തം.

എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷത്തിലും സി.പി.ഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ് വച്ച സംഭവത്തിലും ഇടപെട്ടില്ലെന്നതാണ് ഞാറക്കല്‍ സി.ഐക്കെതിരായ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ചാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചിരുന്നത്.നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്കും സംഭവത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. അസി.കമ്മീഷണര്‍, സെന്‍ട്രല്‍ സി.ഐ, സെന്‍ട്രല്‍ എസ്.ഐ, ഞാറക്കല്‍ സി.ഐ എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്നതായിരുന്നു സി.പി.ഐയുടെ ആവശ്യം.

ഇക്കാര്യം നിരന്തരം ഉന്നയിച്ച് സി.പി.ഐ എറണാകുളം ജില്ലാ കമ്മറ്റി കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഞാറക്കല്‍ സി.ഐ ഓഫീസിലേക്ക് നടത്താന്‍ അനുമതി നല്‍കിയ മാര്‍ച്ച് ഡി.ഐ.ജി ഓഫീസിലേക്കായതില്‍ കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറിയുടെ ഈ നിലപാടിനെതിരെ സി.പി.ഐ ജില്ലാ ഘടകം ഒറ്റക്കെട്ടായാണ് എതിര്‍ത്തത്. ഇതോടെയാണ് എന്തെങ്കിലും ഒരു നടപടി സ്വീകരിക്കണമെന്ന നിലപാടിലേക്ക് സി.പി.ഐ സംസ്ഥാന ഘടകം പോയത്. മുഖ്യമന്ത്രിയോട് കാനം നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് കളക്ടറുടെ റിപ്പോര്‍ട്ട് സംഭവത്തില്‍ മുഖ്യമന്ത്രി തേടിയിരുന്നത്.

എന്നാല്‍ സി.പി.ഐ വകുപ്പിന് കീഴിലെ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലും പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നില്ല. ഇത് സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റിക്ക് വലിയ പ്രഹരമായിരുന്നു. എം.എല്‍.എയും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റതിനാല്‍ പിന്നോട്ട് പോകാനും അവര്‍ക്ക് കഴിയുമായിരുന്നില്ല.

എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കൂടി പരിഗണിച്ച് അവര്‍ വീണ്ടും നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസിനെ ബലിയാടാക്കാന്‍ തീരുമാനമായത്. ഇക്കാര്യത്തില്‍ സി.പി.എമ്മിലുമിപ്പോള്‍ ശക്തമായ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. എറണാകുളം മണ്ഡലത്തില്‍ സി.പി.ഐ ഒരു ശക്തിയുമല്ലെന്നും വിട്ടുവീഴ്ച വേണ്ടിയിരുന്നില്ല എന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. സി.പി.എം നടപടി എടുത്ത് ഒഴിവാക്കുന്നവരെ ഒപ്പം കൂട്ടി സി.പി.ഐ നടത്തുന്ന രാഷ്ട്രീയത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്ന മറ്റു സ്ഥലങ്ങളിലെ കൂടി അവസ്ഥയാണ് സി.പി.എം പരിഗണിച്ചത്. ഒരു വോട്ടാണെങ്കില്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടേണ്ടത് ഒഴിവാക്കേണ്ടതില്ലെന്ന അഭിപ്രായത്തിനായിരുന്നു അവിടെ മുന്‍തൂക്കം. ഇതോടെയാണ് എസ്.ഐയുടെ കാര്യത്തില്‍ തീരുമാനമായത്. എസ്.ഐയെ ഉപതെരഞ്ഞെടുപ്പിന് ശേഷം സര്‍വ്വീസില്‍ തിരിച്ചെടുക്കാനാണ് ഇപ്പോഴത്തെ ധാരണ.

ഒക്ടോബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതേസമയം എസ്.ഐയെ സസ്പെന്റ് ചെയ്യുന്നതിനോട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടായിപ്പോയി ഇതെന്ന നിലപാടിലാണവര്‍.

ഇങ്ങനെയായാല്‍ സംഘര്‍ഷസ്ഥലത്ത് എങ്ങനെ പൊലീസിന് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. ഐ.പി.എസുകാരുടെ ഈ പൊതുവികാരം മനസ്സിലായത് കൊണ്ടാണ് പ്രമോട്ടി ഐ.പി.എസുകാരനായ അഡീഷണല്‍ കമ്മീഷണറെ ഉപയോഗിച്ച് എസ്.ഐയെ സസ്പെന്റ് ചെയ്യേണ്ടി വന്നിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് സിറ്റി പൊലീസ് കമ്മീഷണറാണ്. എന്നാല്‍ എറണാകുളത്ത് അതുണ്ടായിട്ടില്ല.

സി.പി.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എസ്.ഐയെ സസ്പെന്റ് ചെയ്തതില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരിലും അമര്‍ഷം വ്യാപകമാണ്. എം.എല്‍.എയെ തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റിയെന്ന കുറ്റം ചുമത്തിയാണ് എസ്.ഐയെ സസ്പെന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഒരു സംഘര്‍ഷസ്ഥലത്ത് മുഖം നോക്കി നടപടി സ്വീകരിക്കുക എന്നത് അപ്രായോഗികമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല, എസ്.ഐ പോയിട്ട് ഒരു സാധാരണ സി.പി.ഐ അനുഭാവി പോലും തിരിച്ചറിയാന്‍ പറ്റുന്ന തരത്തില്‍ പോപ്പുലറായ നേതാവുമല്ല എല്‍ദോ. അദ്ദേഹം എറണാകുളം നഗരത്തിലെ എം.എല്‍.എയുമല്ല. റൂറല്‍ ഏരിയയായ മൂവാറ്റുപുഴ എം.എല്‍.എയാണ്. ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സാന്നിധ്യമല്ലാത്തതിനാല്‍ ഈ മുഖം കണ്ട് തിരിച്ചറിയാനും പ്രയാസമാണ്. അക്രമാസക്തമായി വന്ന മാര്‍ച്ചിനെ ലാത്തി ചാര്‍ജ് ചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ പൊലീസിന് മുന്നില്‍ ഉണ്ടായിരുന്നുമില്ല. ഇതാണ് പൊലീസിന്റെ വാദം.

കാര്യങ്ങളെല്ലാം വിശദമാക്കി പൊലീസിന് എതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡി.ജി.പിയും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. ‘ലാത്തിച്ചാര്‍ജ് സംബന്ധിച്ച് കലക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ നടപടിയില്‍ പിഴവുകള്‍ ഉണ്ടെന്ന് എടുത്തുപറയുന്നില്ല’. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ ആവില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചിരുന്നത്.

ഇതിനിടെയാണ് അഡീഷണല്‍ കമ്മീഷണര്‍ ഇടപെട്ട് എസ്.ഐയെ സസ്പെന്റ് ചെയ്തിരിക്കുന്നത്. ഇത് ഭരണതലത്തിലുള്ള ചിലരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. ഇതാണിപ്പോള്‍ സേനയില്‍ പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ പോലും സ്വീകരിക്കാതിരുന്ന നടപടി അഡീഷണല്‍ കമ്മീഷണര്‍ സ്വീകരിച്ചതിലാണ് രോഷമുയരുന്നത്.

Staff Reporter

Top