Kerala Police E-Beat; for night patrolling system

തിരുവനന്തപുരം: പോലീസുകാരുടെ രാത്രികാല പട്രോളിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള ഇലക്‌ട്രോണിക് ബീറ്റ് (ഇ ബീറ്റ്) സാങ്കേതികമികവ് വന്‍ വിജയം.

തലസ്ഥാനനഗരിയിലും കൊച്ചിയും കോഴിക്കോടുമടക്കം ഏഴു ജില്ലകളില്‍ ഇ ബീറ്റ് സംവിധാനം വിജയകരമായാണ് മുന്നേറുന്നത്. ഇതോടെ രാജ്യത്ത് വിപുലമായ രൂപത്തില്‍ ഇ ബീറ്റ് സംവിധാനം നടപ്പാക്കുന്ന ഏക സംസ്ഥാനമായി കേരളം.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള പൊലീസ് നൈറ്റ് പട്രോളിങ്ങിലെ ഈ ആധുനികവത്ക്കരണം പക്ഷേ മുങ്ങല്‍ വിദഗ്ധരായ പൊലീസുകാര്‍ക്ക് ദഹിച്ചിട്ടില്ല.പഴയപോലെ മുങ്ങല്‍ നടക്കില്ല എന്നതു തന്നെയാണ് കാര്യം.

സേവനവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓരോ സ്ഥലങ്ങളില്‍ വച്ചിരുന്ന ‘പട്ട ബുക്കു’കളില്‍ ഒപ്പിട്ടിരുന്ന സംവിധാനത്തിനാണ് ഇ ബീറ്റിന്റെ വരവോടെ വിരാമമായത്.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി) സാങ്കേതികവിദ്യയുള്ള ഉപകരണം ബീറ്റിലിറങ്ങുന്ന ഓരോ പൊലീസുകാരന്റെ പക്കലും ഉണ്ടാവും. വിവിധ സ്ഥലങ്ങളില്‍ വച്ചിരിക്കുന്ന ഇലക്‌ട്രോണിക് ടാഗുകളില്‍ ഈ ഉപകരണം സൈപ്പ് ചെയ്താണ് പൊലീസുകാരന്‍ ഡ്യൂട്ടി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.

പട്രോളിംഗിനിറങ്ങുന്ന പൊലീസുകാരന്‍ പേര്, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ഇ ബീറ്റ് മെഷീനുകളില്‍ രേഖപ്പെടുത്തുന്നതാണ് ഇ ബീറ്റ്. രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഇ ബീറ്റ് മെഷീനില്‍ സൈപ്പ് ചെയ്യുന്നതോടെ അത്തരം വിവരങ്ങള്‍ സര്‍വറുമായി ബന്ധിപ്പിച്ചിട്ടുള്ള കംപ്യൂട്ടറിലേയ്ക്ക് അയയ്ക്കപ്പെടും. രാത്രികാല പട്രോളിംഗിന് നിയുക്തരാക്കപ്പെടുന്ന പൊലീസുകാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഇത് ഏറെ സഹായകരമാണ്. ജോലിയിലെ കൃത്യത അളക്കുവാന്‍ ഉപകരിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.

2016 ജനുവരിയിലാണ് തിരുവനന്തപുരം സിറ്റിയിലും റൂറലിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇ ബീറ്റ് സംവിധാനം നടപ്പിലാക്കിയത്. ഇതിന്റെ വിജയത്തെത്തുടര്‍ന്ന് മറ്റ് അഞ്ചു ജില്ലകളില്‍ക്കൂടി സംവിധാനം വ്യാപിപ്പിക്കുകയായിരുന്നു. കൊല്ലം, കൊച്ചി സിറ്റി, കൊച്ചി റൂറല്‍, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ഇപ്പോള്‍ നൈറ്റ് പട്രോളിംഗ് വിലയിരുത്തപ്പെടുന്നത് ഇ ബീറ്റ് സംവിധാനത്തിലൂടെയാണ്.

ഇ ബീറ്റ് സംവിധാനത്തിനായി 650 എന്‍.എഫ്.സി റീഡറുകളാണ് (സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍) വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി 7450 ആര്‍.എഫ്.ഐ.ഡി ടാഗുകളും നല്‍കിയിട്ടുണ്ട്. നേരത്തെ നല്‍കപ്പെട്ടിരുന്ന ടാഗുകളില്‍ നഷ്ടമായവയടക്കം 2016 മേയില്‍ വീണ്ടും സ്ഥാപിച്ച് പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ ആര്‍.എഫ്.ഐ.ഡി ടാഗുകളിലും ജിയോ ടാഗിംഗ് ചെയ്യുന്ന പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ആര്‍.എഫ്.ഐ.ഡി റീഡറുകളെയും ബീറ്റ് സംവിധാനത്തെയും പ്രവര്‍ത്തനസജ്ജമാക്കുന്ന വിധത്തിലാണ് ഇ ബീറ്റ് സോഫ്റ്റ്‌വേറിന്റെ രൂപകല്‍പ്പന. സംസ്ഥാന ഐ.ടി മിഷന്റെ കീഴിലുള്ള ഗവണ്‍മെന്റ് സര്‍വറിലാണ് ഇ ബീറ്റിന്റെ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള വൈഫിനിറ്റി എന്നു പേരായ സോഫ്റ്റ്‌വേര്‍ കമ്പനിയാണ് ഇ ബീറ്റ് സംവിധാനത്തിനാവശ്യമായ എല്ലാവിധ സാങ്കേതികപിന്തുണയും മെഷീന്‍ വിതരണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. എല്ലാ ജില്ലാതലങ്ങളിലെയും പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഇ ബീറ്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനവും വൈഫിനിറ്റി നല്‍കിക്കഴിഞ്ഞു. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ പരിശീലനം സിദ്ധിച്ചവരാണ് ഇ ബീറ്റ് സംവിധാനത്തിന് അതതു സ്ഥലങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നത്.

തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി 2700 ടാഗുകളും 212 സ്മാര്‍ട്ട് ഫോണുകളുമാണ് ഇ ബീറ്റ് സംവിധാനത്തിനായി കമ്പനി നല്‍കിയിരിക്കുന്നത്. കൊല്ലം സിറ്റിയില്‍ 900 ടാഗുകളും 80 ഫോണുകളും നല്‍കപ്പെട്ടിരിക്കുമ്പോള്‍ കൊച്ചി സിറ്റിയിലും റൂറലിലുമായി 2600 ടാഗുകളും 215 ഫോണുകളുമാണ് നല്‍കപ്പെട്ടിരിക്കുന്നത്. തുടര്‍സേവനവും ജി.പി.ആര്‍.എസ് നിരക്കുകള്‍ ബി.എസ്.എന്‍.എല്ലിന് അടയ്ക്കുന്ന പിന്തുണയുമടക്കമുള്ള സാങ്കേതികസഹായങ്ങള്‍ 31.05.2018 വരെയാണ് കേരളാ പൊലീസിന് വൈഫിനിറ്റി ഉറപ്പുനല്‍കിയിരിക്കുന്നത്.

Top