അക്രമികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും ; കുരുക്ക് മുറുക്കി സര്‍ക്കാരും പൊലീസും

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി ഇന്ന് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ സംഭവങ്ങളില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കേരള പൊലീസ്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ഉന്നതതല യോഗ നിര്‍ദേശം. ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള പൊതുമുതല്‍ നാശത്തിന്റെ കണക്ക് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കാണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല പോലീസ് യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു കൈമാറിയത്.

ഹര്‍ത്താലിനിടെ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. ഉച്ചയ്ക്ക് 12 മണിവരെയുളള കണക്കനുസരിച്ച് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 745 പേര്‍ അറസ്റ്റിലായി. 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 628 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു.

Top