വെടിയുണ്ടകള്‍ കാണാതായ സംഭവം; പ്രതികളായ 11 പൊലീസുകാരോട് ഹാജരാകാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രതികളായ11 പൊലീസുകാരോട് ഹാജരാകാന്‍ നിര്‍ദ്ദേശം. ഇവര്‍ക്ക് പുറമെ എസ്എപി ക്യാമ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.

കേസിന്റെ അന്വേഷണത്തിനായി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി.ശ്രീജിത്തിനെയാണ് ചുമതലപ്പെടുത്തിയത്. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും.

കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന് കാട്ടി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ല. പിഴവ് കണക്കില്‍ മാത്രമാണെന്നും ആഭ്യന്തര മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കെല്‍ട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കെല്‍ട്രോണിനെ കുറ്റപ്പെടുന്നത് നീതിപൂര്‍വ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍.96 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകള്‍ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

Top