സംസ്ഥാനത്ത് പൊലീസ് സംവിധാനമാകെ ത്രിശങ്കുവിൽ, പരിഷ്ക്കാരം തിരിച്ചടിയായി !

സംസ്ഥാനത്ത് പൊലീസ് സംവിധാനം നേരിടുന്നത് വലിയ പ്രതിസന്ധി. പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐയില്‍ നിന്നും സി.ഐയിലേക്ക് മാറിയതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. ക്രമസമാധാന ചുമതലയുള്ള സി.ഐമാരില്‍ മിക്കവരും ഇപ്പോഴത്തെ എസ്.എച്ച്.ഒ ചുമതലയെ തരംതാഴ്ത്തല്‍ നടപടിയായാണ് കാണുന്നത്. ഇവരുടെ കീഴിലുള്ള എസ്.ഐമാര്‍ ആകട്ടെ എല്ലാം സി.ഐ നോക്കി കൊള്ളുമെന്ന നിലപാടിലുമാണ്.

മുന്‍പ് സ്റ്റേഷന്‍ ചുമതലയുള്ള എസ്.ഐ, സി.ഐക്കാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ റിപ്പോര്‍ട്ടിങ് ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പിയാണ്. സബ് ഡിവിഷണിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെയും കാര്യം നോക്കേണ്ടതിനാല്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഡി.വൈ.എസ്.പിമാര്‍ക്കുള്ളത്. കേരളത്തെ സംബന്ധിച്ച് തികച്ചും അശാസ്ത്രീയമായ ഒരു മാറ്റമാണ് ഇതെന്നാണ് സേനയിലെ പൊതുവികാരം.

ക്രമസമാധാന ചുമതലയില്‍ വരുവാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന സി.ഐമാര്‍ രൂപമാറ്റം ലഭിച്ച പദവിയോട് മുഖം തിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇവര്‍ക്ക് സ്പെഷ്യല്‍ യൂണിറ്റുകളോടാണ് ഇപ്പോള്‍ താല്‍പ്പര്യം. എസ്.ഐ ആയി നേരിട്ട് നിയമനം നേടിയവര്‍ക്കാവട്ടെ സി.ഐയുടെ കീഴില്‍ പൊലീസ് സ്റ്റേഷന്‍ ആയതിനാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും കഴിയാത്ത അവസ്ഥയുണ്ട്.

ആകെ മൊത്തം താറുമാറായ അവസ്ഥയിലാണിപ്പോള്‍ പൊലീസ് സംവിധാനം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ പൊലീസിങ് ശക്തിപ്പെടാന്‍ കാരണം എസ്.ഐമാര്‍ സ്റ്റേഷന്‍ ചുമതലയില്‍ ഉണ്ടായിരുന്നതു കൊണ്ടുകൂടിയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഈ സാഹചര്യത്തില്‍ ഉഷാറായാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റേഷന്‍ ഭരണത്തിന്റെ മേല്‍നോട്ടം പരിശോധിച്ചിരുന്നത് മുന്‍കാലങ്ങളില്‍ സി.ഐമാരായിരുന്നു.

നഗരങ്ങളിലും ഗ്രാമങ്ങളിലും പൊലീസ് പെട്രോളിങ്ങും ഇപ്പോള്‍ പഴയ പോലെ സജീവമല്ല. കേസുകള്‍ അന്വേഷിക്കുന്ന കാര്യത്തിലും പ്രതികളെ പിടികൂടുന്ന കാര്യത്തിലും ഈ മെല്ലെപ്പോക്ക് ശരിക്കും ബാധിക്കുന്നുണ്ട്. സ്റ്റേഷന്‍ നിയന്ത്രണത്തിന് നാഥനില്ലാത്തത് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കള്ളക്കേസുകള്‍ക്കും കാരണമാകുന്നുണ്ട്. നീതിക്കുവേണ്ടി സ്റ്റേഷനില്‍ കയറി ഇറങ്ങുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു കഴിഞ്ഞു. ഇതെല്ലാം സംഭവിക്കുന്നതിന് പിന്നില്‍ അശാസ്ത്രീയമായ പരിഷ്‌ക്കാരത്തിനുള്ള പങ്ക് വളരെ വലുതാണ്. കര്‍ണ്ണാടകയില്‍ പോലും സ്റ്റേഷന്‍ ഭരണം എസ്.ഐയില്‍ നിന്നും മാറ്റാന്‍ തയ്യാറാകാത്തപ്പോഴാണ് കേരളം അത് പരീക്ഷിച്ചിരിക്കുന്നത്. ഈ നയം മാറ്റി പഴയ പോലെ എസ്.ഐമാരെ സ്റ്റേഷന്‍ ചുമതലയില്‍ നിയമിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മാറ്റാന്‍ കഴിയൂ എന്നാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

സുപ്രീംകോടതി പ്രകാശ് സിങ് ബാദല്‍ കേസില്‍ പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ പോലും വെള്ളം ചേര്‍ത്ത് 2011ല്‍ കേരള നിയമസഭ പാസാക്കിയ ‘കേരള പൊലീസ് നിയമവും’ ആത്മാര്‍ത്ഥമായി തന്നെ നടപ്പാക്കണ്ടേതുണ്ട്. എല്ലാ പൊലീസ് അതിക്രമങ്ങളും അന്വേഷണ അട്ടിമറികളും അഴിമതികളും പൊലീസിന്റെ മാത്രം തലയില്‍ കെട്ടിവച്ച് കൈകഴുകാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയില്ല. പലതിലും പ്രാദേശികമായും അല്ലാതെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മര്‍ദ്ദഫലമായി പൊലീസ് ചെയ്യുന്നതാണ്.

പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ സബ് ഇന്‍സ്പെക്ടര്‍ വരെയുള്ളവരെ കഴിവും യോഗ്യതയും അഭിരുചിയും നോക്കി നിയമിക്കാനുള്ള നിയമപരമായ അധികാരവും ഉത്തരവാദിത്വവും അതത് ജില്ലാ പൊലീസ് മേധാവികളില്‍ മാത്രം നിക്ഷിപ്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളിലും രാഷ്ട്രീയ ഇടപെടലുകള്‍ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇടപെടുന്ന രാഷ്ടീയക്കാരോട് കാക്കിക്കും വിധേയത്വം കൂടുതലാണ്. ഏതു മുന്നണി ഭരിച്ചാലും അവസ്ഥ ഇതൊക്കെ തന്നെയാണ്.

ഗസറ്റഡ് റാങ്കിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിയമനാധികാരി സംസ്ഥാന പൊലീസ് മേധാവിയാണ്. ഈ അധികാരവും കയ്യാളുന്നത് ഭരണകക്ഷി രാഷ്ടീയക്കാരും മൂലധന മാഫിയകളുമാണ്. ഒരു ഉദ്യോഗസ്ഥനെ പോലും യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള അധികാരമില്ലാത്ത വെറും റബര്‍സ്റ്റാമ്പുകള്‍ മാത്രമാണ് ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് ഡി. ബി ബിനുവിനെ പോലെയുളളവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിവൈഎസ്പി മുതല്‍ എഡിജിപി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനാധികാരം സര്‍ക്കാരിനാണ്. സര്‍ക്കാരിനു വേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് ഇവരുടെ സ്ഥലമാറ്റ- നിയമന ഉത്തരവുകളില്‍ ഒപ്പുവയ്ക്കുന്നത്. ഇവിടെയും കഴിവിനേക്കാള്‍ വിധേയത്വത്തിനാണ് പരിഗണന ലഭിക്കുന്നത്. അറിവും കഴിവും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരാണ് ഈ നിലപാടു മൂലം തഴയപ്പെടുന്നത്. ഇതും പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രധാന ഘടകമാണ്.

കേരള പൊലീസ് നിയമത്തിലെ 23-ാം വകുപ്പില്‍ പറയുന്ന തരത്തില്‍ കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കുന്നതും പൊലീസിങിനു ഗുണമാണ് ചെയ്യുക. പ്രസ്തുത വേര്‍തിരിവ് ഒരു പ്രഹസനമായി മാറാതിരിക്കാന്‍ എട്ടു മണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റ് സമ്പ്രദായം ആവശ്യമായ അംഗബലത്തോടെ ഒരോ പൊലീസ് സ്റ്റേഷനിലും നടപ്പാക്കുകയും വേണം. ഇതോടൊപ്പം എസ്.ഐമാര്‍ക്കു തന്നെ വീണ്ടും പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല നല്‍കി പൊലീസിങ് ശക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതല്ലെങ്കില്‍ കാക്കിക്ക് കൂടുതല്‍ താളം തെറ്റും.

Staff Reporter

Top