തിരുവനന്തപുരം: ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് മോഡൽ സംവിധാനം കേരളത്തിലും നടപ്പാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗുജറാത്ത് മോഡൽ ഭരണ നിർവഹണം നടപ്പാക്കാൻ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ സി എം ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന റിപ്പോർട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രവർത്തനം തുടങ്ങാനാണ് ആലോചന. ക്ലിഫ് ഹൗസ് ഡാഷ് ബോർഡ് നിർമ്മാണത്തിന് ഊരാളുങ്കലിനെ ചുമതലപ്പെടുത്തും. ഗുജറാത്തിലും സി എം ഡാഷ് ബോർഡുള്ളത് മുഖ്യമന്ത്രിയുടെ വസതിയിലാണ്.
ഇ ഗവേർണൻസ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് സിഎം ഡാഷ് ബോർഡ് എന്ന സംവിധാനം കൊണ്ട് ഉദേശിക്കുന്നത്. ഇത്തരം ഒരു സംവിധാനം ഒരുക്കുകയാണെങ്കിൽ അത് ആദ്യഘട്ടത്തിൽ ക്ലിഫ് ഹൗസിൽ തന്നെ ഒരുക്കും. ഇതിനായി ക്ലിഫ് ഹൗസ് വളപ്പിൽ ഇതിനായി പ്രത്യേക കെട്ടിടം സ്ഥാപിക്കും. ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി തന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. കെഎം എബ്രഹാമിന് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.
ഫയൽ നീക്കങ്ങളുടെ പുരോഗതി വ്യക്തമായി മനസിലാക്കാവുന്ന സംവിധാനമാണ് ഡാഷ് ബോർഡ് എന്നതിലുടെ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ 44 വകുപ്പുകളിലെയും വിവരങ്ങൾ തത്സമയം ഇതിലൂടെ വ്യക്തമായി നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്ബോഡ് ഉണ്ട്. ഇതിൽ 75 ഡാഷ് ബോർഡുകൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.