കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരില്‍;സുരേഷ് ഗോപി മുഖ്യാതിഥി

കണ്ണൂര്‍: എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടന സദസ്സില്‍ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു കഴിഞ്ഞു. കേന്ദ്രം സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. കേരള ജനത മോദിയുടെ നേതൃത്വത്തില്‍ വിശ്വസിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് പദ്ധതികള്‍ നഷ്ടമാകുന്നുവെന്നും മോദിയുടെ രാഷ്ട്രീയത്തിന് കേരളത്തില്‍ പിന്തുണ ലഭിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളം പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അതിനുള്ള ഉദാഹരണമാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠയെ കേരളം വരവേറ്റ കാഴ്ചയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയും സര്‍ക്കാരും കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ദില്ലിയില്‍ സമരം ചെയ്യാന്‍ പോകുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പദ്ധതികള്‍, നികുതി വിഹിതം എന്നിവയിലെല്ലാം കേരളത്തിന് വലിയ പരിഗണന ലഭിച്ചു, യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെക്കാള്‍ പതിന്മടങ്ങിലധികം മോദി സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയാണ് പദയാത്രയുടെ ലക്ഷ്യം. കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ലെന്നും കേരളത്തില്‍ നിക്ഷേപകരും കര്‍ഷകരും ആത്മഹത്യ ചെയ്യുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

യാത്രയോടനുബന്ധിച്ച് കെ സുരേന്ദ്രന്‍ രാവിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയിലെത്തി ക്ഷേത്ര ദര്‍ശനം നടത്തും. തയ്യിലിലെ മത്സ്യത്തൊഴിലാളികളോടൊപ്പമാണ് പ്രഭാതഭക്ഷണം. മത – സാമുദായിക നേതാക്കളുമായും കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. മോദി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികളും കേന്ദ്ര വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയും ജാഥയില്‍ ഉണ്ടാവും. എന്‍ഡിഎ ഘടകകക്ഷി നേതാക്കളും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് മാത്രമാണ് പദയാത്ര നടത്തുക.

Top