വിജയ് ഹസാരെ ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്ത്

വിജയ് ഹസാരെ ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ നാണംകെട്ട തോല്‍വി. സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തെ രാജസ്ഥാന്‍ 200 റണ്‍സിനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 67 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിംഗില്‍ കേരള നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 39 പന്തില്‍ 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ 11 റണ്‍സെടുത്തു. അനികേത് ചൗധരിയുടെയും അറഫാത്ത് ഖാന്റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്. അനികേത് നാലും, ഖാന്‍ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി വിളി ലഭിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിര്‍ണായകമായ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാല്‍ ലോംറോര്‍ സെഞ്ച്വറി നേടി. താരം 114 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്നു. 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുനാല്‍ സിംഗ് റാത്തോഡ് മികച്ച പിന്തുണ നല്‍കി. കേരളത്തിനായി അഖിന്‍ സത്താര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

 

Top