ഐഎഎസ് നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ എതിര്‍ത്ത് കേരളം

തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ എതിര്‍ത്ത് കേരളം. കേന്ദ്രനീക്കത്തിലെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.

കേന്ദ്രം നിര്‍ദേശിക്കുന്ന ഭേദഗതി നിലവിലെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കത്തില്‍ പറയുന്നു. ഭേദഗതി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കും. അതിനാല്‍ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ സ്ഥലം മാറ്റാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇതിനോടകം അഞ്ചോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്

ഐഎഎസ് ഉദ്യോഗസ്ഥരെ എപ്പോള്‍ വേണമെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റാന്‍ അധികാരം നല്‍കുന്നതാണ് ചട്ടഭേദഗതി. ഐഎഎസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ചട്ടങ്ങളിലെ ഭേഗദതിയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ചൊവ്വാഴ്ചക്കു മുന്‍പ് അഭിപ്രായം അറിയിക്കാനാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമെ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്ത് എത്തിയിരുന്നു.

ബീഹാര്‍, മധ്യപ്രദേശ്, മേഘാലയ തുടങ്ങി ബിജെപി എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളും കേന്ദ്ര നീക്കത്തോട് വിയോജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിഷയത്തില്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

പുതിയ ഭേദഗതി പ്രകാരം ഏതൊരു ഐഎഎസ് ഉദ്യോഗസ്ഥനെയും ഡെപ്യൂട്ടേഷനില്‍ കേന്ദ്രത്തിന് നിയമിക്കാം. നിര്‍ദേശിച്ച സമയത്തിനുള്ളില്‍ ഉദ്യോഗസ്ഥനെ സംസ്ഥാനം വിട്ടുനല്‍കുന്നില്ലെങ്കില്‍ കേന്ദ്രം നിശ്ചയിച്ച തീയതിയില്‍ റിലീവ് ചെയ്യപ്പെട്ടതായി കണക്കാക്കുമെന്നാണ് പുതിയ വ്യവസ്ഥ.

Top