കേന്ദ്രത്തിന്റെ പുതിയ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. പുതിയ നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനം പൊളിക്കല്‍ നയം കുത്തകകളെ സഹായിക്കുന്നതിനാണെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അശാസ്ത്രീയമാണെന്നും കേരളം പോലെയുള്ള ഒരു സംസ്ഥാനത്തില്‍ അത് അപ്രായോഗികകമാണെന്നും അദ്ദേഹം ആരോപിച്ചു. ഓടിയ കിലോമീറ്റര്‍ പരിഗണിക്കാതെ ഇത്തരത്തിലുള്ള നയം കൊണ്ടുവന്നത് തെറ്റാണെന്ന് അദ്ദഹം പറഞ്ഞു.

പരിസ്ഥിതി സൗഹൃദമാക്കാനാണ് ഉദേശമെങ്കില്‍ വാഹനങ്ങള്‍ സി.എന്‍.ജിയിലേക്കോ എല്‍.എന്‍.ജിയിലേക്കോ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തലവേദന വന്നാല്‍ തല വെട്ടിക്കളയുകയല്ല വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഈ തീരുമാനം ബാധിക്കില്ലെന്നും കെ.എസ്.ആര്‍.ടി.സി.ക്ക് 15 വര്‍ഷം കഴിഞ്ഞ ഒരു ബസുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് വെഹിക്കിള്‍ സ്‌ക്രാപേജ് പോളിസി എന്ന പുതിയ നയത്തിന് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളാണ് ഇന്ത്യയില്‍ നിരത്തിലോടുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവില്‍ ഉപയോഗത്തിലുള്ളത്.

 

Top