ജിഎസ്ഇആർ അഫോർഡബിൾ ടാലെന്റ് റാങ്കിംഗ്: ഏഷ്യയിൽ നമ്പർ വൺ

തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖല അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടെന്ന സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൻറെ (ജിഎസ്ഇആർ) അഫോർഡബിൾ ടാലെന്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോള റാങ്കിംഗിൽ നാലാം സ്ഥാനം നേടാനും കേരളത്തിന് സാധിച്ചെന്ന് അദ്ദേഹം വിവരിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനകരമായ നേട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ (ജിഎസ്ഇആർ) അഫോർഡബിൾ ടാലെന്റ്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയിരിക്കുന്നു. അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനകരമായ നേട്ടം നമ്മൾ കരസ്ഥമാക്കിയത്. ഇതേ റിപ്പോർട്ടിന്റെ ആഗോളറാങ്കിംഗിൽ നാലാം സ്ഥാനം നേടാനും നമുക്ക് സാധിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റിപ്പോർട്ട് പരിശോധിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തലസൗകര്യങ്ങളുമാണ് വളർച്ചക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും കേരളമുണ്ടാക്കിയ മുന്നേറ്റത്തെ പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി. സർക്കാർ പിന്തുണയും ആകർഷകമായ ഇൻസന്റീവുകളും സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു. ഇത്തരത്തിൽ 3,600 ഓളം സ്റ്റാർട്ടപ്പുകളെ വളർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിത്. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാർട്ടപ് മേഖല ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നൽകുന്നത്. അഭിമാനത്തോടെ ഒറ്റക്കെട്ടായി കേരളത്തിൻറെ പുരോഗതിക്കായി നമുക്കു മുന്നോട്ട് പോകാം.

Top