ഗവര്‍ണറെ മാറ്റാനുളള ബില്‍ നിയമസഭയില്‍; എതിര്‍പ്പ് ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ബിൽ നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ഗവർണർമാർക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാൻസലർ പദവിയിൽ കൊണ്ടുവരണമെന്നാണ് ബില്ലിലെ ആവശ്യം.യുജിസി മാർഗനിർദേശങ്ങൾക്കും സുപ്രീം കോടതി വിധികൾക്കും വിരുദ്ധമായ ബിൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള പൂർഅധികാരം നിയമസഭയ്ക്കുണ്ട്. പക്ഷെ പകരം എന്ത് സംവിധാനം ഏർപ്പെടുത്തുമെന്ന് സതീശൻ ചോദിച്ചു. കമ്യൂണിസ്റ്റ് വത്കരണമാണ് ഈ സർക്കാർ യൂണിവേഴ്‌സിറ്റികളിൽ നടത്തുന്നത്. വിസിയായി നിയമിക്കുമ്പോൾ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലിൽ പറയുന്നില്ല. ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ചാൻസലറായി കൊണ്ടുവരാവുന്ന രീതിയിൽ സർക്കാരിന് സർവകലാശാലയുടെ ഓട്ടോണമിയിൽ പൂർണമായി ഇടപെടാൻ കഴിയുന്ന രീതിയിലാണ് നിയമം. വിസിയുടെ നിയമന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നും ബില്ലിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിൽ നിരവധി നിയമപ്രശ്‌നങ്ങൾ ഉണ്ട്. ബിൽ സർക്കാർ പിൻവലിച്ച് പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറാകണം. നിയമനാധികാരി സർക്കാരാവുമ്പോൾ സർക്കാരിലെ മന്ത്രി ചാൻസലർക്ക് കീഴിൽ പ്രോ ചാൻലറാകുന്നത് ചട്ടലംഘനമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Top