Kerala Niyamasabha

തിരുവനന്തപുരം: ബഡ്ജറ്റ് അവതരണത്തിന് ശേഷം ആദ്യമായി നിയമസഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളവുമായി രംഗത്ത്. രാവിലെ ചോദ്യോത്തരവേളയോട് നിസഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം ശൂന്യവേളയിലാണ് സഭയെ ബഹളമയമാക്കിയത്. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്.

സോളാര്‍ കമ്മിഷനെ അവഹേളിക്കാനും പ്രവര്‍ത്തനം തടസപ്പെടുത്താനുമാണ് മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ പ്രസ്താവനയെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. കമ്മിഷനെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനും ശ്രമം നടക്കുന്നുണ്ട്.

അതേസമയം, സോളാര്‍ കമ്മിഷന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top