കേരളത്തിന്റെ ക്രമ സമാധാനം തകര്‍ന്ന നിലയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

കൊച്ചി: കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്ന് വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ പരാമര്‍ശിച്ച് ധനമന്ത്രി കുറ്റപ്പെടുത്തി. കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടു.

എസ്ഡിപിഐയുമായി ഇടത് സര്‍ക്കാരിന് രഹസ്യബന്ധമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറി. ഹിന്ദു കൂട്ടക്കൊല നടന്ന മലബാര്‍ കലാപം സര്‍ക്കാര്‍ ആഘോഷമാക്കുന്നുവെന്നും ധനമന്ത്രി ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. കോവിഡ് കാലത്ത് സര്‍ക്കാര്‍ കൂടുതല്‍ സമയം ചെലവഴിച്ചത് പി ആര്‍ പണിക്ക് വേണ്ടിയാണ്. നിലവില്‍ രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് കേസുകളും കേരളത്തിലാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് രോഗികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു.

Top