പ്രഹാറിനേക്കാള്‍ കൂടിയ പ്രഹര പരിധി; ഖര ഇന്ധനത്താലുള്ള പ്രണാഷ് മിസൈല്‍ ഒരുങ്ങുന്നു

ലഖ്നൗ: ഡിആര്‍ഡിഒ യുദ്ധ സമയത്ത് ഉപയോഗിക്കാവുന്ന പുതിയ മിസൈല്‍ വികസിപ്പിക്കുന്നു. 200 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്ന പ്രണാഷ് മിസൈലാണ് അണിയറയില്‍ ഒരുങ്ങുന്നത്.

നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാഷ്. ഹൃസ്വദൂര മിസൈലായ പൃഥ്വിക്ക് പകരക്കാരനാകാനാണ് പ്രഹാര്‍ മിസൈല്‍ അണിയിച്ചൊരുക്കിയത്. 150 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള പ്രഹാറിനേക്കാള്‍ പ്രഹരപരിധി കൂടിയ മിസൈല്‍ വേണമെന്ന സേനയുടെ ആവശ്യം പരിഗണിച്ചാണ് പ്രണാഷിന്റെ നിര്‍മാണം ഒരുങ്ങുന്നത്.

2021ല്‍ മിസൈലിന്റെ പരീക്ഷണങ്ങള്‍ ആരംഭിക്കും. ഒരു ഘട്ടം മാത്രമുള്ള ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനാണ് മിസൈലിനുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദ്രവ ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ് പൃഥ്വി. അതുകൊണ്ടുതന്നെ അടിയന്തര ഘട്ടങ്ങളില്‍ ഈ മിസൈലുകള്‍ പെട്ടന്ന് തയ്യാറാക്കി വിക്ഷേപിക്കാന്‍ സാധിക്കുന്നതല്ല. ഇതേതുടര്‍ന്നാണ് ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ നിര്‍മിക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചത്.

പ്രണാഷ് മിസൈല്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും പദ്ധതിയുണ്ടെന്നും ലോകത്തെ മറ്റ് മിസൈലുകളേക്കാള്‍ വിലകുറഞ്ഞതും കാര്യക്ഷമവുമാണ് പ്രണാഷെന്നും ഡിആര്‍ഡിഒയിലെ വിദഗ്ധര്‍ പറഞ്ഞു.

Top