തട്ടിപ്പിന് ഇരയാവരുത്; വ്യാജ സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി റിയല്‍മി

ഡിജിറ്റല്‍ ലോകത്ത് തട്ടിപ്പുകള്‍ക്ക് ഒരു കുറവുമില്ല. ഇപ്പോഴിതാ ചൈനീസ് ഫോണ്‍ കമ്പനിയായ റിയല്‍മിയാണ് തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന വ്യാജ സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

റിയല്‍മി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തി കുതിച്ച് മുന്നേറുകയാണ്. ഇതിനിടയിലാണ് തട്ടിപ്പുകാരും കമ്പനിയെ ലക്ഷ്യമിട്ടത്. റിയല്‍മിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.

www.realmepartner.in എന്ന പേരില്‍ തട്ടിപ്പുകാര്‍ തുടങ്ങിയിരിക്കുന്ന വെബ് സൈറ്റിനെക്കുറിച്ചാണ് റിയല്‍മി ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘BBK ELECTRONICE GROUP’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയതാണ് വെബ്സൈറ്റിലെത്തിയാല്‍ ആദ്യം കാണുക. ഇതില്‍ ഇലക്ട്രോണിക്സിന്റെ സ്പെല്ലിംങിലെ തെറ്റ് തന്നെ ശ്രദ്ധിച്ചാല്‍ തിരിച്ചറിയാനാകും. റിയല്‍ മി ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും.

ഈ വെബ് സൈറ്റുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നുമാണ് റിയല്‍മിയുടെ മുന്നറിയിപ്പ്. റിയല്‍ മിക്ക് ഒരേയൊരു ഔദ്യോഗിക വെബ് സൈറ്റേ ഉള്ളൂവെന്നും അത് www.realme.com ആണെന്നും വ്യക്തമാക്കി.

Top