കൊറോണ; മുന്‍കരുതല്‍ കാര്യക്ഷമമാക്കാന്‍ ഗൂഗിള്‍ ആപ്പ് അവതരിപ്പിച്ച് മലപ്പുറം ജില്ല

മലപ്പുറം: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മുന്‍കരുതല്‍ കാര്യക്ഷമമാക്കാന്‍ മലപ്പുറത്ത് പ്രത്യേക ഗൂഗിള്‍ ഡ്രൈവ് ആപ്പ് അവതരിപ്പിച്ചു. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കു നേരിട്ട് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരാണ് ഗൂഗിള്‍ ആപ്പ് തയ്യാറാക്കിയത്.

രോഗ ലക്ഷണങ്ങളേക്കുറിച്ചും വൈറസ് ബാധിത പ്രദശങ്ങളില്‍നിന്നു തിരിച്ചെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ വിവരങ്ങളും ആപ്പ് വഴി കണ്‍ട്രോള്‍ സെല്ലിനു ലഭിക്കും. ഇതുവഴി വിവരങ്ങള്‍ ക്രോഡീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും. രോഗ ലക്ഷണങ്ങളുള്ള ആര്‍ക്കും ആപ്പു വഴി വിവരങ്ങള്‍ പങ്കുവയ്ക്കാം.

ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിലുള്ള കൊറോണ പ്രതിരോധ മുഖ്യ സമിതിക്കു കീഴില്‍ പ്രത്യേക ചുമതലയുള്ള 63 ഉദ്യോഗസ്ഥരടക്കം 511 പേരടങ്ങുന്ന സംഘമാണ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

412 പേരാണ് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19 പേര്‍ ആശുപത്രികളിലും 353 പേര്‍ വീടുകളിലുമാണ്. വീടുകളില്‍ 28 ദിവസത്തെ കാലയളവു പൂര്‍ത്തിയാക്കിയ 15 പേരെ വെള്ളിയാഴ്ച നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കു പുറമെ ആവശ്യമെങ്കില്‍ ജില്ലാ, താലൂക്ക് ആശുപത്രികളിലും രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണത്തില്‍ ചികിത്സിക്കാന്‍ സൗകര്യങ്ങളൊരുക്കുന്നുണ്ട്.

Top