ബാങ്കിലെ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫെബ്രുവരി 28ന് മുമ്പ് ഉപയോക്താക്കള്‍ക്ക്
അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല. ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എസ്ബിഐ അറിയിപ്പ് നല്കി. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കി.
2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് കെവൈസി മാനദണ്ഡം നിര്‍ബന്ധമാക്കിയത്. 2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ ബാങ്കുകള്‍ വന്‍തുക പിഴനല്‍കേണ്ടിവരുമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്കി.
ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. കെവൈസി മാനദണ്ഡം പാലിക്കാന്‍ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്കിയാല് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നി രേഖകളിലേതെങ്കിലും മതി വിലാസം തെളിയിക്കാന്‍. അതോടൊപ്പം ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കണം.