നിര്‍ദേശങ്ങള്‍ പാലിക്കുക, കൊറോണയെ ഒരുമിച്ച് നേരിടാം; ആരോഗ്യവാനായി അച്യുതാനന്ദന്‍!

vs achudhanathan

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാരും ആരോഗ്യവകുപ്പ് അധികൃതരും സ്വീകരിക്കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന ഓരോ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തി ശുചിത്രം പരമാവധി പാലിക്കുക, കൂട്ടം കൂടുന്നതിലും സന്ദര്‍ശനങ്ങള്‍ നടത്തുന്നതിലും മിതത്വം പാലിക്കുക, എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാന്‍ കഴിയുക എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്തേക്ക് തിരിച്ചുവരുന്നെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. ചികിത്സയിലായിരുന്ന അദ്ദേഹം ഏറെ നാളായി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.

വിഎസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

പ്രിയമുള്ളവരേ,

കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്തം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.

Top