പൊലീസ് നടപടി തെറ്റ്, കേസ് സെന്‍കുമാര്‍ പിന്‍വലിക്കണമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: മുന്‍ഡിജിപി ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ് കുമാറിനും കടവില്‍ റഷീദിനും എതിരെ പൊലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിഎം സുധീരന്‍. പൊലീസ് നടപടി തെറ്റാണെന്നും നടപടികള്‍ പുനപരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞ സുധീരന്‍ കേസില്‍ നിന്നും സെന്‍കുമാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് സെന്‍കുമാര്‍ അപമാനിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ജി സുരേഷ് കുമാറിനുമെതിരെയുമാണ് പൊലീസ് കള്ളക്കേസ് എടുത്തത്.കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിച്ചത്. തുടര്‍ന്ന് സെന്‍കുമാറിനൊപ്പമെത്തിയവര്‍ റഷീദിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവില്‍ റഷീദ് പരാതി നല്‍കിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരം സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.

പിന്നാലെ പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകയൂണിയന്റെ വാട്‌സ് അപ് ഗ്രൂപ്പില്‍ പി ജി സുരേഷ് കുമാര്‍ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നാരോപിച്ച് സെന്‍കുമാറും എതിര്‍പരാതിയുമായി രംഗത്തെത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെയാണ് പി ജി സുരേഷ് കുമാറിനെതിരെയും കടവില്‍ റഷീദിനെതിരെയും പൊലീസ്
കേസ് എടുത്തത്.

Top