സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‌സി കേന്ദ്രങ്ങള്‍; വിജിലന്‍സ് റെയ്ഡ്, രേഖകള്‍ മുക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നെന്ന ആരോപണത്തിന് പിന്നാലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. തമ്പാനൂരിലെ പ്രമുഖ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ലക്ഷ്യ, വീറ്റോ എന്നീ പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന. ഉടമസ്ഥാവകാശം, വാങ്ങുന്ന ഫീസ് എന്നിവയെക്കുറിച്ചാണ് അന്വേഷിക്കുന്നത്.

സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന മൂന്നു പേര്‍ക്കെതിരെയാണു പരാതി ഉയര്‍ന്നത്. ഇതില്‍ രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്താണു പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഫെബ്രുവരി ആദ്യം പിഎസ്‌സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. പൊതുഭരണവകുപ്പ് പരാതി വിജിലന്‍സിന് കൈമാറുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.

അതേസമയം, സ്ഥാപനങ്ങള്‍ പല ഉദ്യോഗസ്ഥരുടെയും ഭാര്യമാരുടേയും സുഹൃത്തുക്കളുടെയും പേരിലാണ്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ഷിബുവിന്റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം ഉള്ളത്. എന്നാല്‍ വീറ്റോയുടെ ഉടമസ്ഥത രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്റെ മൂന്നു സുഹൃത്തുക്കളുടെ പേരിലാണ്. രഞ്ജന്‍, സ്ഥാപനത്തിലെ അധ്യാപകന്‍ മാത്രമാണെന്നാണ് ഉടമകള്‍ പറയുന്നത്.

എന്നാല്‍ വിജിലന്‍സിന് ചില സംശയങ്ങള്‍ ഉണ്ട്. പരിശോധനക്ക് എത്തുന്നതിന് മുമ്പ് തന്നെ പല സുപ്രധാന രേഖകളും ഓഫീസുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട് എന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. ഫീസ് കാണിക്കുന്ന ബുക്ക്, അധ്യാപക ശമ്പളം രജിസ്റ്റര്‍ ചെയ്യുന്ന ബുക്ക് എന്നിവയാണ് കാണാത്തത്. അതിനിടെ വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടി.

Top