പേടിക്കാനില്ല! വി. മുരളീധരന് കൊറോണയില്ല, പരിശോധനാ ഫലം നെഗറ്റീവ്

സ്വന്തമായി ഐസൊലേഷനില്‍ പ്രവേശിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹം വീട്ടില്‍ തന്നെ നിരീക്ഷണത്തിലായിരുന്നു. ശ്രീചിത്ര ആശുപത്രിയിലെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് അദ്ദേഹത്തെ നിരീക്ഷത്തിലേക്ക് എത്താനുള്ള തീരുമാനത്തിലെത്തിച്ചത്.

ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്നത്. ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ഇയാളുമായി ഇടപഴകിയ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തതോടെയാണ് വി മുരളീധരന്റെ നടപടി.

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്തിരുന്നത്. വി മുരളീധരന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും സ്വയം ഐസോലേഷനില്‍ ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. വി.വി.രാജേഷ് വി.മുരളീധരനൊപ്പം കഴിഞ്ഞ പതിനാലിന് ശ്രീചിത്ര ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.

പൊതുപരിപാടികളില്‍ പങ്കെടുക്കാനില്ലെന്നാണ് വിവി രാജേഷും വ്യക്തമാക്കുന്നത്. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തില്‍ കഴിയാനാണ് തീരുമാനം.

Top