ബിഗ് ബോസ് വിവാദം; വരവേല്‍പ്പ് ആസൂത്രിതം, രജിത്ത് കുമാര്‍ ഒന്നാം പ്രതിയായത് ഇങ്ങനെ!

ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിം രജിത്ത് കുമാറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വരവേറ്റ സംഭവം വിവാദമായതിന് പിന്നാലെ ആ സംഭവം ആസൂത്രിതമെന്ന വിലയിരുത്തലില്‍ പൊലീസ്. ഇതോടെ രജിത് കുമാറിന്റെ വാദം കള്ളമാണെന്ന് തെളിയുകയാണ്. ഇത്രയും വലിയ സ്വീകരണം താന്‍ അറിഞ്ഞിരുന്നില്ല എന്നായിരുന്നു രജിത് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ കാത്ത് ഇത്രയും പേര്‍ നില്‍ക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം നേരത്തെ മനസിലാക്കിയിരുന്നു എന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ ഉണ്ട്.

രജിത്തിനെ സ്വാഗതം ചെയ്യാന്‍ ഉണ്ടായിരുന്നത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ഷിയാസ് കരീം, ബിഗ്‌ബോസില്‍ രജിത്തിന്റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവരായിരുന്നു. ഇവര്‍ തന്നെയാണ് ആളുകളെ സംഘടിപ്പിച്ചതെന്നും എഫ്‌ഐആറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഇന്നലത്തെ ചോദ്യം ചെയ്യല്ലില്‍ രജിത്ത് കുമാര്‍ നിഷേധിക്കുകയാണുണ്ടായത്. രജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു.

കേസില്‍ ഒന്നാം പ്രതിയാണ് രജിത്ത് കുമാര്‍. രണ്ടാം പ്രതിയും ഷിയാസ് കരീമും പരീക്കുട്ടി മൂന്നാം പ്രതിയുമാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ രജിത്തിനെ തേടി ഇന്നലെ രാവിലെ പൊലീസ് അദ്ദേഹത്തിന്റെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. പിന്നീട് വൈകിട്ടോടെ ആലുവ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം സ്വമേധയാ ഹാജരാവുകയായിരുന്നു.

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളും നടക്കുകയാണ്. അതിനിടയിലാണ് ഞായറാഴ്ച രാത്രി നൂറുകണക്കിന് ആരാധകര്‍ രജിത്ത് കുമാറിനെ കാണാന്‍ തടിച്ചു കൂടിയത്. എന്നാല്‍ വിമാനത്താവളത്തിന് അകത്തു വച്ച് പൊലീസ് ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പുറത്തു വലിയ ജനക്കൂട്ടമുണ്ടെന്നും തിരക്കും ബഹളവും ഒഴിവാക്കാന്‍ മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങണെന്നും, എന്നാല്‍ ഇയാള്‍ സഹകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

ഈ സാഹചര്യം കണക്കിലെടുത്താണ് രജിത്ത് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. രജിത്ത് ആര്‍മി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരാധക സംഘത്തിലെ 75 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Top