പ്രവാസികളുടെ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണം; കരിപ്പൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കൊണ്ടോട്ടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മലപ്പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മലപ്പുറം – കോഴിക്കോട് ഡിസിസികളുടെ നേതൃത്വത്തില്‍ സംയുക്തമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ലോക്ക് ഡൗണും സാമൂഹിക അകലവും ലംഘിച്ചാണ് പ്രതിഷേധം നടക്കുന്നത്.

രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ വി വി പ്രകാശ് ,കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ ടി സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. കെ.മുരളീധരന്‍ എംപിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

വേദിയില്‍ പത്തോളം പേരെ ഉള്ളൂവെങ്കിലും സദസിലും കാഴ്ച്ചക്കാരുമായി നിരവധിയാളുകളാണ് പരിപാടിക്ക് എത്തിയിട്ടുള്ളത്.

നിരോധനാജ്ഞ ലംഘനത്തിന് കേസെടുക്കുന്നെങ്കില്‍ ആയിക്കോളൂ. പ്രവാസികള്‍ വിദേശത്തും ഞങ്ങള്‍ ജയിലിലും കിടക്കാന്‍ തയ്യാറാണെന്ന് പ്രതിഷേധ സമരത്തില്‍ സംസാരിച്ചു കൊണ്ട് കോഴിക്കോട് എംപി കെ.മുരളീധരന്‍ പറഞ്ഞു.

ഈ ദുരിതകാലത്ത് തന്നെ ബാര്‍ ലൈസന്‍സ് കൊടുക്കുകയാണ് സര്‍ക്കാര്‍. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് മുഖ്യമന്ത്രിയിപ്പോള്‍. രണ്ട് ലക്ഷം ആളുകളുടെ ഡേറ്റ ശേഖരിക്കാന്‍ പോലും കെല്‍പ്പിലാത്തവരാണ് നമ്മുടെ ഐടി വകുപ്പെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

Top