‘സിപിഎമ്മില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ ആദ്യം പുറത്താക്കൂ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ പുറത്താക്കുകയാണ് പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടതെന്ന് സുരേന്ദ്രന്‍ ആഞ്ഞടിച്ചു.

സംസ്ഥാനത്തുടനീളം ഇത്തരം തീവ്രവാദികള്‍ സിപിഎമ്മില്‍ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ട്. അലനും താഹയും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരം ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടിയിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജന്‍സികളായി മാറിയിരിക്കുകയാണ്. വര്‍ഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നില്‍ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് സുരേന്ദ്രന്‍ രംഗത്ത് വന്നത്.

Top