സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് തടയിടാന്‍ ശ്രമം? ഇടത് പക്ഷത്തിനെതിരെ വിശാല മുന്നണി?

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് എടുത്തുപറയാന്‍ വികസന നേട്ടങ്ങള്‍ ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വ്വം ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇടത് പക്ഷത്തിനെതിരെ വിശാല മുന്നണിയുണ്ടാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഇതിന്റ എല്ലാം ഉരകല്ലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സിഎഎക്കെതിരെ സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും എടുത്ത നിലപാട് കേരള ജനത ഏറ്റെടുത്തിരുന്നു. ഇത് ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യമഹാശൃംഖലയില്‍ 80 ലക്ഷത്തോളം പേര്‍ പങ്കെടുത്തതും എല്‍ഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. മാത്രമല്ല യുഡിഎഫിന്റെ മനുഷ്യ ഭൂപടം പാളിയത് യുഡിഎഫിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

മാത്രമല്ല സംസ്ഥാനത്ത് നോക്കുകൂലി അടക്കമുള്ള ദുഷ്പ്രവണതകള്‍ അവസാനിക്കുകയാണെന്നും ഇനിയും അത്തരം പ്രവണതകള്‍ കണ്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Top