33ല്‍ 10 റിസള്‍ട്ട് വന്നു, എല്ലാം നെഗറ്റീവ്; മുങ്ങിയ ആളുടെ റിസള്‍ട്ടും നെഗറ്റീവ്

കൊറോണ ബാധ സംശയിച്ച് പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 33 പേരുടെ സാമ്പിളില്‍ 10 എണ്ണം ലഭിച്ചെന്നും എല്ലാം നെഗറ്റീവ് ആണെന്നുമാണ് കളക്ടര്‍ പറഞ്ഞത്. 12 ഫലങ്ങള്‍ കൂടി ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അധികൃതരെ കുഴപ്പത്തിലാക്കി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിക്കെ ഓടിപ്പോയ ആളുടെ റിസള്‍ട്ടും നെഗറ്റീവാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.

നേരത്തെ ഇയാളുമായി ഇടപഴകി എന്ന് തോന്നിയ ഏഴുപേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ ഓടിപോയ വ്യക്തിക്ക് രോഗമില്ലെന്ന് ഉറപ്പിച്ചതോടെ ഈ ഏഴുപേരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് കളക്ടറുടെ വിലയിരുത്തല്‍. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദേശത്തുനിന്ന് എത്തി, ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന യുവാവിന്റെ പിതാവ് തിരുവല്ലയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇത് പരക്കെ ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങള്‍ ഇല്ല എന്ന് സ്ഥിരീകരിച്ചത് കേരളത്തിന് ആശ്വാസമായിരുന്നു. മരിച്ചയാള്‍ക്ക് സെപ്റ്റിസീമിയ എന്ന രോഗാവസ്ഥയായിരുന്നുവെന്നാണ് പരിശോധനാ ഫലങ്ങളില്‍ പറയുന്നത്.

Top