ഇറ്റലിയില്‍ എം.എല്‍.എയുടെ ഭാര്യയും; ഈ വേദന സഹിക്കുന്നില്ലെന്ന് പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സീന്റെ ഭാര്യയും. ചൈനയ്ക്ക് ശേഷം കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത് ഇറ്റലിയിലാണ്.

കിഴക്കന്‍ ഇറ്റലിയിലെ കാമറിനോ സര്‍വ്വകലാശാലയില്‍ ഗവേഷകയാണ് മുഹ്‌സീന്റെ ഭാര്യ ഷഫഖ് കാസിം. നിലവില്‍ രാജ്യത്ത് വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇവരെ ഒറ്റമുറിയില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കുന്നില്ല എന്നാണ് വിവരം. അതിനാല്‍ തന്നെ നാട്ടിലേക്ക് വരാനും കഴിയുന്നില്ല. അവരുടെ താമസ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്ക് എത്താന്‍ മണിക്കൂറുകള്‍ എടുക്കും. മാത്രമല്ല യാത്ര ചെയ്യേണ്ടത് വൈറസ് ബാധ ഏറെയുള്ള സ്ഥലത്തുകൂടിയാണ്.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തടസ്സമായി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെ വ്യാഴാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വേളയില്‍ മുഹ്‌സിന്‍ എംഎല്‍എ വിഷമിച്ച് ഇരിക്കുകയായിരുന്നു. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിസ്സഹായവസ്ഥയിലാണ്. മന്ത്രി കെ.കെ. ശൈലജയെ കാര്യം അറിയിച്ചെങ്കിലും ആര്‍ക്കും ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുഹ്‌സീന്റെ വേദന കണ്ട് താന്‍ മടുത്തുവെന്ന് പി.സി. ജോര്‍ജ്ജ് സഭയില്‍ പറഞ്ഞു.

തനിക്ക് രോഗബാധയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് സഹിതം തെളിയിച്ചാല്‍ മാത്രമേ ഇറ്റലിയില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലെത്താനാകൂ. അവര്‍ റോമിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. വീഡിയോ കോളിലൂടെയാണ് മുഹ്‌സീനുമായി ഭാര്യ സംസാരിക്കുന്നത്.

Top