കൊറോണയേയും മാറ്റിത്തരാം; വീണ്ടും തലപൊക്കി മോഹനന്‍ വൈദ്യര്‍, തിരിച്ചടിച്ച്‌ അധികൃതര്‍

തൃശ്ശൂര്‍: കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ ഭയക്കേണ്ട വൈറസുകളാണ് ചില വ്യാജവൈദ്യന്മാര്‍. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും വൈറസിനെ തുരത്താന്‍ നെട്ടോട്ടമോടുമ്പോള്‍ അവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എല്ലാം വിഫലമാക്കുകയാണ് ഇത്തരം വ്യാജന്മാര്‍ ചെയ്യുന്നത്.

കൊവിഡ് 19 ചികിത്സിച്ച് ഭേദമാക്കുമെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് വ്യാജവൈദ്യന്‍ മോഹനന്‍ വൈദ്യര്‍. ഈ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ അദ്ദേഹത്തിന്റെ പരിശോധനാ കേന്ദ്രത്തില്‍ പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി. തൃശ്ശൂര്‍ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടത്തിയത്. കൊറോണയെ മറികടക്കാന്‍ ലോകം മുഴുവന്‍ മരുന്നില്ലാതെ കഷ്ടപ്പെടുന്ന സമയത്താണ് മോഹനന്‍ വൈദ്യര്‍ രഹസ്യ ചികിത്സ നടത്തുന്നത്. അതേസമയം എന്ത് ചികിത്സയാണ് വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങളാണ് ഡിഎംഒയും പൊലീസും പരിശോധിക്കുന്നത്.

തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലാണ് മോഹനന്‍ വൈദ്യരുടെ രഹസ്യപരിശോധന. രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. വൈറസ് രോഗബാധകള്‍ക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകള്‍ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നത്.

എന്നാല്‍ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുള്‍പ്പടെ നിരവധി കേസുകളാണ് ഈ വ്യാജവൈദ്യനുള്ളത്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതകരോഗമുള്ള കുട്ടിയെ ചികിത്സിച്ച മോഹനന്‍ വൈദ്യര്‍ ആധുനിക ചികിത്സയൊന്നും കുഞ്ഞിന് നല്‍കാന്‍ അനുവദിച്ചിരുന്നില്ല. ഈ അശാസ്ത്രീയചികിത്സാ രീതി കുഞ്ഞിന്റെ ജീവന്‍ എടുത്തു. തുടര്‍ന്ന് നരഹത്യചുമത്തി മോഹനന്‍ വൈദ്യരെ നേരത്തേ കേരളാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

മാത്രമല്ല, നിപ്പാ വൈറസ് കേരളത്തില്‍ പടര്‍ന്ന് പിടിച്ചിരുന്നസമയത്തും ഇത്തരത്തില്‍ അശാസ്ത്രീയമായ ചികിത്സാരീതി സംസ്ഥാനത്ത് അദ്ദേഹം പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. എന്നിട്ടും നിര്‍ത്തുന്നില്ല. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും തമിഴനാട്ടിലും ഈ വ്യാജ ബിസിനസ് അദ്ദേഹം നടത്തുന്നുണ്ട്.

‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് പുതിയ പോസ്റ്റില്‍ വൈദ്യര്‍ പറയുന്നത്. ഇതിനെതിരെ പരാതികള്‍ ഉയരുകയും, ചികിത്സ നടത്തുന്നത് കൊറോണയ്ക്കാണെന്ന രഹസ്യവിവരം വഭിച്ചതോടെയുമാണ് ഇപ്പോള്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Top