കാട്ടുതീ അപകടം; മനുഷ്യ നിര്‍മ്മിതമാണെന്ന് വനംവകുപ്പ്, റിപ്പോര്‍ട്ട് ഉടന്‍ വേണമെന്ന് മന്ത്രി

തൃശ്ശൂര്‍: കാട്ടുതീയില്‍ മൂന്ന് വാച്ചര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി കെ രാജു. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിരീക്ഷണവും ജാഗ്രതയും വേണമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചതായി മന്ത്രി പറഞ്ഞു.

കൊറ്റമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പാട്ടത്തിനെടുത്ത പ്രദേശത്താണ് കാട്ടുതീ ഉണ്ടായത്. എന്നാല്‍ ഇത് മനുഷ്യ നിര്‍മ്മിതമാണെന്ന വിശകലനത്തിലാണ് വനംവകുപ്പ്. ഇപ്പോഴുള്ള അന്വേഷണവും ആ വഴിക്ക് തന്നെയാണ്. മനപൂര്‍വ്വം ആരെങ്കിലും ചെയ്തതാണോ എന്ന് കണ്ടുപിടിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരിലെ വടക്കാഞ്ചേരി റേഞ്ചിനു കീഴിലുള്ള എച്ച്.എന്‍.എല്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രൈബല്‍ വാച്ചര്‍ ദിവാകരന്‍, താത്കാലിക ജീവനക്കാരനായ വേലായുധന്‍ കൊടുമ്പു സ്വദേശി ശങ്കരന്‍ എന്നിവര്‍ മരിച്ചത്. തീ ചുറ്റും പടര്‍ന്നതോടെ ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. അക്കേഷ്യ മരങ്ങള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ ഉണങ്ങിയ ഇലകളില്‍ പെട്ടെന്ന് തീ പടര്‍ന്നു.

Top