വിവാദകേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; പിന്നില്‍ മരട് അഴിമതിക്കാരോ?

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലെ മരട് ഫ്‌ലാറ്റ് പൊളിച്ചു നീക്കിയെങ്കിലും ഇപ്പോഴും അതിന്റെ അലയൊലികള്‍ നീങ്ങിയിട്ടില്ല. അണിയറയില്‍ അഴിമതിക്കാരെ രക്ഷിക്കാനുള്ള തന്ത്രങ്ങള്‍ നടക്കുന്നതായാണ് സൂചന.

മരട് കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോഴാണ് സ്ഥാന കയറ്റം നല്‍കി പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ഈ സ്ഥാനകയറ്റിന് പിന്നില്‍ ഒരു ഹിഡന്‍ അജണ്ട ഉണ്ടെന്ന ആരോപണവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനെയാണ് കൊല്ലം അഡിഷണല്‍ എസ്പി യായി സ്ഥലം മാറ്റിയിരിക്കുന്നത്.

അഴിമതിയില്‍ പങ്കുള്ള സിപിഎം നേതാവ് കെഎ ദേവസി അടക്കമുള്ള പല പ്രമുഖരും ഈ സ്ഥലം മാറ്റത്തിന് പിന്നില്‍ ഉണ്ടെന്ന സംശയവും ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. മരട് ഫ്‌ലാറ്റ് അഴിമതി കേസില്‍ ഇതുവരെ ഫ്‌ലാറ്റ് നിര്‍മാതാക്കളായ രണ്ട് പേരും, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ക്ലര്‍ക്ക് ജയറാം, ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരടക്കം അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ രഹസ്യ മൊഴിയിലും സിപിഎം നേതാവ് കെഎ ദേവസിയ്‌ക്കെതിരെ തെളിവുകളുണ്ട്.

അതേസമയം കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്, എടയാര്‍ സ്വര്‍ണ കവര്‍ച്ച എന്നീ കേസുകളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയത് ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു അന്വേഷണങ്ങള്‍ വഴിത്തിരിച്ചുവിടാന്‍ ശ്രമിക്കുന്ന പലരിലേക്കും ഈ സ്ഥലം മാറ്റം വിരല്‍ ചൂണ്ടുന്നുണ്ട്.

Top