മിസ്റ്റര്‍ സിന്ധ്യ, നിങ്ങള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ശ്രവിക്കൂ, എന്നിട്ട് രാഷ്ട്രീയം പഠിക്കൂ

തിരുവനന്തപുരം: മധ്യപ്രദേശ് സര്‍ക്കാരിനെ അടിമുടി വെട്ടിലാക്കി ബിജെപി പാളയത്തിലേക്ക് കൂറുമാറിയ മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലേക്ക് ചേക്കേറുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്.

അതേസമയം, അധികാരത്തിന്റെ അപ്പകഷ്ണം കണ്ടാല്‍ കേരളത്തിലെ ഒരു നേതാവും ബിജെപിയിലേക്ക് പോകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിരവധി അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ജ്യോദിരാത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. അദ്ദേഹത്തോടൊപ്പം മധ്യപ്രദേശിലെ 19 വിമത എംഎല്‍എമാരും രാജിവെച്ചതോടെ കമല്‍ നാഥ് സര്‍ക്കാര്‍ ശരിക്കും പ്രതിസന്ധിയിലാവുകയായിരുന്നു.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തുടങ്ങിയവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്.

സംസ്ഥാനത്തെയും, രാജ്യത്തെയും ജനങ്ങളെ സേവിക്കുകയെന്ന പ്രാരംഭ ഘട്ടം മുതലുള്ള ഉദ്ദേശത്തില്‍ മാറ്റമില്ലെന്ന് സിന്ധ്യ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് ഇത് ചെയ്യാന്‍ കഴിയില്ലെന്നും സിന്ധ്യ കത്തില്‍ സൂചിപ്പിച്ചു.

Top