കുളത്തൂപ്പുഴയിലെ പാക്കിസ്ഥാന്‍ ‘വെടിയുണ്ട’; ചില സൂചനകള്‍ കിട്ടിയെന്ന് ഡിജിപി

DGP Loknath Behera

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാന്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില സൂചനകള്‍ ലഭിച്ചതായാണ് അദ്ദേഹം പറയുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളെ വിവരങ്ങള്‍ അറിയിച്ചതായും അദ്ദേഹം വിലയിരുത്തി.

അതേസമയം ഉപേക്ഷിക്കപ്പെട്ട വെടിയുണ്ടകള്‍ എസ്എപി ക്യാമ്പില്‍ നിന്നും കാണാതായ വെടിയുണ്ടകളായിരിക്കുമോ എന്ന സംശയത്തിനും ഇപ്പോള്‍ വിരാമമായിരിക്കുകയാണ്. സീരിയല്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ അവ പൊലീസ് സ്റ്റോറില്‍ നിന്നും കാണാതായ ഉണ്ടകളല്ല എന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്റെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് മിലട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല വെടിയുണ്ട കണ്ടെത്തിയ പ്രദേശത്ത് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

Top