‘കേസെടുത്തു, മരിച്ച സുരേന്ദ്രന്‍ സിപിഎം ആയിരുന്നു’, മന്ത്രി; സഭയില്‍ ഉറഞ്ഞുതുള്ളി പ്രതിപക്ഷം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം ജനങ്ങളെ നട്ടംതിരിച്ച കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. സമരം നടക്കുമ്പോള്‍ പ്രതികരിക്കാതെ നോക്കി നിന്ന സര്‍ക്കാരിന്റെ നടപടി തികഞ്ഞ അനാസ്ഥയാണെന്ന് ചൂണ്ടികാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സഭയില്‍ ഇല്ലാതിരുന്നത് പ്രതിപക്ഷത്തെ തുടക്കത്തിലേ തന്നെ ചൊടിപ്പിച്ചിരുന്നു. ഗതാഗത മന്ത്രിയുടെ അഭാവത്തില്‍ മറുപടി പറയാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം വീണ്ടും ബഹളംവെച്ചു. മാത്രമല്ല, സമരമുണ്ടായപ്പോള്‍തന്നെ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആരോപിച്ചു. മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

എന്നാല്‍ എം വിന്‍സന്റ് താരതമ്യേന ജൂനിയറായ എംഎല്‍എയാണെന്നും അദ്ദേഹം അടിയന്തര പ്രമേയ നോട്ടീസ് ഏല്‍പ്പിച്ചതിലൂടെ പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമായെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. ഈ വിഷയം പ്രതിപക്ഷം ഗൗരവമായല്ല കാണുന്നത് എന്നതിനുള്ള തെളിവാണ് ഇതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കൂടാതെ സമരത്തിന് തുടക്കമിട്ട എടിഒ ലോപ്പസ് കോണ്‍ഗ്രസുകാരനാണെന്നും കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്‍ സിപിഎംകാരനാണെന്നും കൂടി കടകംപള്ളി പറഞ്ഞതോടെ പ്രതിപക്ഷം സഭയില്‍ ഉറഞ്ഞുതുള്ളി. മാത്രമല്ല സിഐടിയുക്കാര്‍ സമരത്തിനില്ലായിരുന്നു എന്ന മന്ത്രിയുടെ വാദവും പ്രതിപക്ഷം പൊളിച്ചടുക്കി.

അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ അറിയിച്ചു.

Top