മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില; നിയന്ത്രണരേഖ താണ്ടി ഗവര്‍ണര്‍ ഉല്ലാസ യാത്രയില്‍

തിരുവനന്തപുരം: സംസ്ഥാനം കൊറോണ പേടിയില്‍ വിറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശക്തമായാണ് വൈറസിനെ തടയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പോരാട്ടമൊന്നും വകവെക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിനോദയാത്രയിലെന്ന് വിവരം.

തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയിലേക്കാണ് ഗവര്‍ണറുടെ യാത്ര. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനനഗരിയിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊന്‍മുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ഈ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

എന്നാല്‍, ഗവര്‍ണറുടെ കൂടെ ഡോക്ടറും പൊലീസുകാരും ഉണ്ടാകും. മൂന്ന് ദിവസത്തേക്കുള്ള യാത്രക്കിടെ കെടിഡിസിയിലും പൊന്‍മുടി ഗസ്റ്റ് ഹൗസിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈറസ് ജാഗ്രതയുടെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അടക്കം പോകരുതെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഉല്ലാസയാത്ര.

പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതരും പൊലീസുമെല്ലാം കഠിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആളുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റും ഉദ്യോഗസ്ഥരുടെ കുറവ് നിലനില്‍ക്കുന്നുമുണ്ട് ഈ സാഹചര്യത്തിലാണ് പൊലീസുകാരടക്കമുള്ള വന്‍ പടയുമായി ഗവര്‍ണറുടെ യാത്ര.

Top