രണ്ട് വര്‍ഷം ആ കുടുംബത്തെ കണ്ടില്ലാ.. ഒടുക്കം ഒരു ജീവന്‍ ഇല്ലാതായപ്പോള്‍ ധനസഹായം!

വയനാട്: പ്രളയ ധനസഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നാല് ലക്ഷം രൂപ നല്‍കും. അതേസമയം യുവാവിന്റെ കുടുംബത്തിന് വീട് വെക്കാനുള്ള ഭൂമി നല്‍കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. മാത്രമല്ല, കുടുംബത്തിന് പതിനായിരം രൂപ അടിയന്തര ധനസഹായമായി നല്‍കാനും തീരുമാനമായിട്ടുണ്ട്. തഹസില്‍ദാറാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കുടുംബത്തിന്റെ ധനസഹായവും ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി, നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തഹസില്‍ദാര്‍ സ്ഥലത്തെത്തി സഹായം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചത്.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ ആണ് സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയമാണ് സനിലിന്റേയും കുടുംബത്തിന്റേയും പ്രതീക്ഷ നശിപ്പിച്ചത്. ശേഷം ഈ കുടുംബം താത്കാലിക ഷെഡ്ഡിലായിരുന്നു താമസം.

അതേസമയം, ‘നിരവധി തവണ പരിശോധനകള്‍ നടത്തിയെങ്കിലും സഹായം ഒന്നും ലഭിച്ചില്ല’. ഇതിന്റെ നിരാശ തന്നെയാണ് മരണകാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.

Top