കാട്ടാക്കട കൊലപാതകം; പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്രവാസി സംഗീത് കൊല്ലപ്പെട്ടതില്‍ പൊലീസിന് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം നെടുമങ്ങാട് ഡിവൈ.എസ്.പി അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അതേസമയംഎം വിന്‍സെന്റ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു. പതിനൊന്നേമുക്കാലിന് വിളിച്ചിട്ട് പൊലീസ് വന്നത് ഒന്നേമുക്കാലിനാണ്. പൊലീസ് മണ്ണുമാഫിയയുടെ ഏജന്‍സിപ്പണിയാണ് ചെയ്യുന്നതെന്നും സംഗീതിന്റെ വീട്ടിലേക്കുളള വഴിതെറ്റിപ്പോയെന്ന പൊലീസിന്റെ നിലപാട് വിചിത്രമാണെന്നും എം.വിന്‍സന്റ് ആരോപിച്ചു. പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനുവദാമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമം നടക്കുന്നതായി കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Top