ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റു; ചീഫ് ജസ്റ്റീസ് എം മണികുമാര്‍ സത്യവാചകം ചൊല്ലി

കൊച്ചി: നാല് ജഡ്ജിമാര്‍ ഹൈക്കോടതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ടി.ആര്‍ രവി, ബെച്ചു കുര്യന്‍ തോമസ്, പി.ഗോപിനാഥ്, എം.ആര്‍ അനിത എന്നിവരാണ് ഇന്ന് ചുമതലയേറ്റത്. ഇവര്‍ക്ക് ചീഫ് ജസ്റ്റീസ് എം മണികുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യന്‍ തോമസ്. അദ്ദേഹം 1996ല്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിരുന്നു. 2015 ല്‍ സീനിയര്‍ അഭിഭാഷകനായ അദ്ദേഹം സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു.

പാലക്കാട് ശ്രീകൃഷ്ണപുരം പെരുമാങ്ങോട് തെക്കേവാര്യത്ത് കുടുംബാംഗമായ ടി.ആര്‍. രവി പരേതനായ ആര്യവൈദ്യന്‍ ടി.ആര്‍. രാഘവവാരിയരുടെ മകനാണ്. 1989 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 2004- 06 ല്‍ സീനിയര്‍ ഗവ. പ്ലീഡറും സ്‌പെഷല്‍ ഗവ. പ്ലീഡറുമായി.

കൊച്ചിയില്‍ വളഞ്ഞമ്പലത്തെ പെരിഞ്ചേരി കുടുംബാംഗമായ പരേതനായ എ.ജി. നായരുടെ മകനാണ് പി. ഗോപിനാഥ് . 1996 ല്‍ അദ്ദേഹം പ്രാക്ടീസ് തുടങ്ങി. തുടര്‍ന്ന് 2018 ല്‍ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. മേനോന്‍ ആന്‍ഡ് പൈ അസോസിയേറ്റ്സിന്റെ പാര്‍ട്ണറാണ് അദ്ദേഹം.

തൃശൂര്‍ കുഴിക്കാട്ടുശേരി എം.കെ. രാമന്റെ മകളാണ് എം.ആര്‍. അനിത. അവര്‍ 1991 ല്‍ കൊച്ചി അഡീഷനല്‍ മുന്‍സിഫ് ആയി. 2016 ഒക്ടോബര്‍ മുതല്‍ കോഴിക്കോട് ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top