വീണ്ടും വ്യാജന്‍; കൊറോണയ്ക്ക് മന്ത്രിച്ചവെള്ളം, കൊച്ചിയില്‍ യുവതി അറസ്റ്റില്‍

കൊച്ചി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കനത്ത് ജാഗ്രതാ നിര്‍ദേശവും മുന്നറിയിപ്പുമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. അതേസമയം, സര്‍ക്കാരുകളുടെ ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷം വരുത്തുന്ന തരത്തില്‍ ചില വ്യാജ വൈദ്യന്മാരും വ്യാജ ആള്‍ സ്വാമികളും ഇറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരത്തിലുള്ളവരുടെ നാടകം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കേരളത്തിലും അത്തരം കാശുണ്ടാക്കുന്ന വ്യാജന്മാര്‍ പിടിമുറുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വ്യാജ വൈദ്യനായ മോഹനന്‍ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കൊറോണയ്ക്ക് വ്യാജ ചികിത്സ നല്‍കിയ യുവതിയെ കൊച്ചിയില്‍ പൊലീസ് പിടികൂടി. ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയാണ് പിടിയിലായത്.

രോഗിയാണെന്ന വ്യാജേന ഹാജിറയെ സമീപിച്ച വ്യക്തിക്ക് ഇവര്‍ കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി ആളുകളാണ് ഇവരുടെ മന്ത്രത്തിന്റെ ചതിയില്‍ വീണിരിക്കുന്നത്. ഈ വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് നടപടി.

ഇതിന് പുറമെ പൂനയില്‍ ഒരു പാസ്റ്റര്‍ കൊറോണയെ തുരത്താന്‍ കഴിയുന്ന തൈലം നല്‍കി ആളുകളെ പറ്റിച്ചിരുന്നു. കൂടാതെ ലഖ്‌നൗവില്‍ ഒരു ആള്‍ ദൈവം തന്റെ കൈയ്യിലിരിക്കുന്ന കല്ലിന് ശക്തിയുണ്ടെന്ന് പറഞ്ഞ് ഭക്തരെ വഞ്ചിച്ചിരുന്നു. കൊറോണ എന്ന മഹാമാരിയില്‍ പെട്ട് ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴാണ് ഇത്തരം വ്യാജന്മാര്‍ ആളുകളെ ചൂഷണം ചെയ്യുന്നത്.

Top