മദ്യവില്‍പനശാലകള്‍ പൂട്ടുന്ന കാര്യം പരിശോധിക്കും, തിരക്ക് നിയന്ത്രിക്കും; ഇ.പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടുംകൂടുന്നത് ഒഴിവാക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശം ജനങ്ങള്‍ പാലിക്കുന്നുണ്ട്. ആഘോഷങ്ങളും, ഉത്സവങ്ങളും എല്ലാം ഒഴുവാക്കികൊണ്ടാണ് ജനങ്ങള്‍ സഹകരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ആശങ്ക ഒഴിയാതിരിക്കുന്നത് ബിവറേജസ് മദ്യവില്‍പനശാലകളുടെ കാര്യത്തിലാണ്.

എന്നാല്‍ മദ്യവില്‍പനശാലകള്‍ അടയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. അതേസമയം, ആളുകള്‍ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രിക്കുമെന്നും ഇപി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടിയിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് നേരത്തെ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പറഞ്ഞിരുന്നു. ഭാവിയില്‍ സാഹചര്യമനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചത്.

അതേസമയം ബിവറേജ് ഔട്ട്ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷവും, മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകരും നേരത്തെ രംഗത്ത് വന്നിരുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ മദ്യവില്‍പ്പന ശാല ഉപരോധിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിവറേജിന് മുന്നില്‍ യാതൊരു മുന്‍കരുതലുമില്ലാതെ ക്യൂ നില്‍ക്കുന്നത് രോഗം പരത്തുമെന്നും എത്രയും വേഗം ഔട്ട്ലറ്റുകള്‍ പൂട്ടിയിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നിരുന്നു. മദ്യശാലകള്‍ അടിയന്തരമായി പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു.

Top