ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; മുങ്ങിമരണം, ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും

തിരുവനന്തപുരം: ഇളവൂരില്‍ മരിച്ച ആറുവയസ്സുകാരി ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ധര്‍ വാക്കാല്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

അതേസമയം, കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയതായി കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പറഞ്ഞു. പന്ത്രണ്ടരയോടെയാണ് കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് നേരത്തെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ച സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഉണ്ടായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

വ്യാഴാഴ്ച കാണാതായ കുട്ടിക്ക് വേണ്ടി 20 മണിക്കൂറില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

Top