കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; സീറ്റ് എന്‍സിപിക്ക്, ഉത്തരവാദിത്വവും ചുമതലയും സിപിഎമ്മിന്

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ ഇടതുമുന്നണിയുടെ സീറ്റ് എന്‍സിപിക്ക് തന്നെയെന്ന് തീരുമാനം. എന്നാല്‍ ഉപതെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചുമതലയും സിപിഎം ഏറ്റെടുക്കും. മണ്ഡലത്തിന്റെ ചുമതല പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ കെ.ജെ തോമസിനാണെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടനാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 13 പഞ്ചായത്തുകളുടെയും ചുമതല ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ക്കായി വീതിച്ചു നല്‍കിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിന് മുമ്പായി മണ്ഡലത്തെ 23 മേഖലകളായി വിഭജിക്കും. ശേഷമായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുക. മേഖല യോഗങ്ങള്‍ ഈ മാസം 19, 21, 23 ദിവസങ്ങളിലായി നടക്കും.

അതേസമയം, സ്ഥാനാര്‍ത്ഥിയെ എന്‍സിപി നേതൃത്വം അടുത്തയാഴ്ച പ്രഖ്യാപിക്കും എന്നാണ് വിവരം. അന്തരിച്ച കുട്ടനാട് മുന്‍ എംഎല്‍എയും എന്‍സിപി നേതാവുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യു എന്നിവരാണ് പട്ടികയിലുള്ളത്. തോമസ് കെ തോമസിനെയാണ് എല്ലാവരും കൂടുതല്‍ പരിഗണിക്കുന്നത്.

Top