വിദേശിയുടെ മുങ്ങല്‍; സഹായിച്ചത് ട്രാവല്‍ ഏജന്റ്, നടപടിയെന്ന് മന്ത്രി

കൊറോണ ബാധിതനായ ബ്രിട്ടണ്‍ സ്വദേശി മൂന്നാറില്‍ നിന്ന് അധികൃതര്‍ അറിയാതെ മുങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രംഗത്ത്. സംഭവം ഗൗരവമുള്ളതാണെന്നും മൂന്നാറിലെ മുഴുവന്‍ റിസോര്‍ട്ടുകളിലെയും വിദേശ വിനോദ സഞ്ചാരികളുടെ ബുക്കിംഗ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ നടന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, അംഗീകാരമില്ലാതെ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകളുടെ വിവരങ്ങള്‍ ശേഖരിക്കാനും ആരൊക്കെ താമസിക്കുന്നുണ്ടെന്ന് വിവരങ്ങള്‍ അറിയിക്കണമെന്നും ജില്ലാ ഭരണകൂടത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന മേഖലകളിലും ആനച്ചാല്‍, ചിന്നക്കനാല്‍ തുടങ്ങിയ ഇടങ്ങളിലും കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്നും വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ബ്രിട്ടണ്‍ സ്വദേശി മുങ്ങിയതിന് പിന്നാലെ ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക നിരീക്ഷണത്തിലായിരുന്നു വിദേശ വിനോദ സഞ്ചാരികളുടെ സംഘം. ഇങ്ങനെ കര്‍ശന നിരീക്ഷണത്തില്‍ കഴിയവെയാണ് അധികൃതര്‍ അറിയാതെ ഇവര്‍ സ്ഥലം വിടാന്‍ ശ്രമിച്ചത്.

ഇവരെ പോകാന്‍ സഹായിച്ചത് സ്വകാര്യ ട്രാവല്‍ ഏജന്റ് ആണെന്ന വിവരം ജില്ലാ ഭരണകൂടത്തിന് കിട്ടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Top