ബ്രിട്ടണ്‍ പര്യടനം കഴിഞ്ഞെത്തിയ ഡിജിപിയെ നിരീക്ഷണത്തില്‍ വെച്ചോ? മുല്ലപ്പള്ളി

തിരുവനന്തപുരം: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടണനില്‍ നിന്ന് തിരിച്ചെത്തിയ ഡിജിപി ലോക് നാഥ് ബെഹ്‌റയെ നിരീക്ഷണത്തില്‍ വിട്ടിരുന്നോ എന്ന ചോദ്യവുമായി കെപിസിസി പ്രസിന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 3നായിരുന്നു ഡിജിപി ബ്രിട്ടണ്‍ സന്ദര്‍ശനം നടത്തിയത്. മാര്‍ച്ച് 5നായിരുന്നു തിരിച്ചെത്തിയത്. രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പൊലീസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

മാര്‍ച്ച് 4 മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയവരും നിരീക്ഷണത്തിലായിരിക്കണം എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ നിര്‍ദേശം ബ്രിട്ടണ്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പൊലിസ് മേധാവിക്കും ബാധകമല്ലെ എന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം.

10,000ലേറെ പേരാണ് ഇംഗ്ലണ്ടില്‍ വൈറസ് രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത്. എണ്ണൂറോളം പേര്‍ക്ക് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യമന്ത്രിക്ക് തന്നെ കൊവിഡ് 19 പിടിപെട്ട സാഹചര്യമാണുള്ളത്. കൂടാതെ പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഇറ്റലിയില്‍ നിന്നു തിരികെയെത്തിയ പത്തനംതിട്ടയിലെ കുടുംബം യാതൊരുവിധ മുന്നറിയിപ്പോ സൗകര്യങ്ങളോ ഏര്‍പ്പെടുത്താതിരുന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്കു പോയപ്പോള്‍ അവര്‍ നാടിനെ വഞ്ചിച്ചുവെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും പറയുന്നത്. മാാത്രമല്ല സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുടരെ തുടരെ പറയുന്നത്. അങ്ങനെയെങ്കില്‍ ഡിജിപിയെ നിരീക്ഷിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top